കൊച്ചി: പരുക്ക് മൂലം വരും മത്സരങ്ങളില്‍ കളിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന് സാധിക്കില്ലെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആയിരക്കണക്കിന് വരുന്ന ആരാധകര്‍ ഉള്‍ക്കൊണ്ടത്. എന്നാല്‍ ടീമില്‍ നിന്നും പുറത്തായിട്ടും നാട്ടിലേക്ക് മടങ്ങാതെ ഇന്ത്യയില്‍ തന്നെ തുടരുകയാണ് ഹ്യൂം. ലീഗില്‍ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരവും തീര്‍ന്നതിന് ശേഷമാകും ഹ്യൂം ഇന്ത്യ വിടുക.
അവസാന മത്സരം വരെ ടീമിന് പിന്തുണയുമായി ടീമിനൊപ്പം തുടരാനാണ് ഹ്യൂമിന്റെ പ്ലാന്‍. ഇതോടെ ബ്ലാസ്റ്റേഴ്സിനോടുളള ഹ്യൂമിന്റെ സ്നേഹം കണ്ട് കൈയ്യടിക്കുകയാണ് ആരാധകര്‍. ഇന്നലെ ദിവസം കൊല്‍ക്കത്തയ്ക്കെതിരെ മത്സരത്തില്‍ ടീമിന് ആവേശവുമായി ഗ്യാലറിയില്‍ ഇയാന്‍ ഹ്യൂമിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമ്പോഴെല്ലാം ഗ്യാലറിയില്‍ ആവേശത്തിരമാല സൃഷ്ടിക്കാനും ഹ്യൂം മറന്നില്ല.
നേരത്തെ പൂണെയ്ക്കെതിരായ മത്സരത്തില്കാല് മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഹ്യൂം ഐഎസ്എല്ലില്‍ നിന്നും പുറത്തായത്. കേരളത്തിനായി കൂടുതല്‍ ഗോളുകള്‍ നേടിയ ഹ്യൂമിന്റെ പുറത്താകല്‍ കേരളത്തിന് കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു.
‘കഠിനമായ തീരുമാനമായിരുന്നു അത്. പുറത്തിരിക്കുകയെന്നതു സഹിക്കാനാവില്ല. പക്ഷെ, മഞ്ഞപ്പടയുടെ ആരാധകരേ എന്നെ വിശ്വസിക്കൂ. ഞാനൊരു വ്യത്യസ്ത ജീവിയാണ്. കൂടുതല്‍ ശക്തിയോടെ, മികച്ച ഫിറ്റ്നസുമായി ഞാന്‍ ടീമില്‍ തിരികെയെത്തും.’ ഹ്യൂം പറഞ്ഞു.
Post Your Comments