KeralaLatest NewsNews

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു; തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ

തിരുവനന്തപുരം•ഐ. എസ്. ആര്‍. ഒയുടെ സഹായത്തോടെ തിരുവനന്തപുരത്ത് നോളജ് സെന്റര്‍ സ്ഥാപിക്കാന്‍ ധാരണ. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ഇന്ന് (ഫെബ്രുവരി 3) വൈകിട്ട് നാലു മണിക്കാണ് ഡോ. കെ. ശിവന്റെ നേതൃത്വത്തില്‍ ഐ.എസ്.ആര്‍.ഒ സയന്റിഫിക് സെക്രട്ടറി പി. ജി. ദിവാകര്‍, വി.എസ്.എസ്.സി ഡയറക്ടര്‍ എസ്. സോമനാഥ്, എല്‍.പി.എസ്.സി ഡയറക്ടര്‍ വി. നാരായണന്‍ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ്, ഐ.ടി സെക്രട്ടറി ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, ശാസത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

നോളജ് സെന്റര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് വി.എസ്.എസ്.സി ഡയറക്ടര്‍ എസ്.സോമനാഥുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തന്‍, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ എന്നിവരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഐ.ടി, ഇലക്‌ട്രോണിക്‌സ്, എയ്‌റോസ്‌പേസ് ടെക്‌നോളജി എന്നീ മേഖലകളില്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കുന്നതിന് കിന്‍ഫ്രയുടെ സഹായത്തോടെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന സൗകര്യം ഒരുക്കും. ഇതിനാവശ്യമായ സാങ്കേതിക സഹായം ഐ. എസ്. ആര്‍. ഒയുടെ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും നല്‍കും.

ഡോ. അബ്ദുള്‍ കലാമിന്റെ പേരിലുള്ള നോളജ് സെന്ററിന്റെയും സയന്‍സ് മ്യൂസിയത്തിന്റേയും നിര്‍മ്മാണം ഉടന്‍ ആരംഭിക്കുമെന്ന് ഡോ. കെ. ശിവന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ബംഗളൂരുവില്‍ മടങ്ങിയെത്തിയാലുടന്‍ ഇവിനാവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞു. ഇതിനായി കവടിയാറില്‍ 1.75 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ലോഞ്ചിംഗ് വെഹിക്കിള്‍, സാറ്റലൈറ്റുകള്‍ എന്നിവയ്ക്കാവശ്യമായ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഐ. എസ്. ആര്‍. ഒയുടെ തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളിലേക്കും ഉത്പാദ്പ്പിച്ചു നല്‍കുന്നതിന് കെല്‍ട്രോണിനെ ചുമതലപ്പെടുത്താമെന്നും സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയിലുള്ള ഇളവുകള്‍ നല്‍കാമെന്നും ധാരണയായി.

മത്‌സ്യത്തൊഴിലാളികളുടെ ബോട്ടില്‍ ഘടിപ്പിക്കുന്നതിനുള്ള 500 നാവിക് ഉപകരണങ്ങള്‍ ഉടന്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ഐ.എസ്.ആര്‍.ഒ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. കൂടുതല്‍ നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സാങ്കേതിക വിദ്യ കെല്‍ട്രോണിന് കൈമാറും. ഇതുസംബന്ധിച്ച് ഫെബ്രുവരി ആറിന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്റെ അധ്യക്ഷതയില്‍ ചീഫ് സെക്രട്ടറി കൂടി പങ്കെടുക്കുന്ന യോഗം നടക്കും. നാവിക് സംവിധാനത്തിന്റെ പരീക്ഷണം വിജയിച്ചതിലുള്ള സന്തോഷവും സംതൃപ്തിയും മുഖ്യമന്ത്രി ചെയര്‍മാനെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്കുള്ള വി.എസ്.എസ്.സി ജീവനക്കാരുടെ 16.70 ലക്ഷം രൂപയുടെ ധനസഹായം ഡയറക്ടര്‍ എസ്.സോമനാഥ് മുഖ്യമന്ത്രിക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button