കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയ നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിലെ ദുരൂഹത ബാക്കിനില്ക്കുന്ന അവിശ്വസനീയ സംഭവത്തിന്റെ ചുരുളഴിയുമ്പോള്‍ . കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ച് കായലില്‍ തള്ളിയതാണെന്ന് സംശയം. കൊലപാതക വിവരം ഒരിക്കലും പുറത്ത് വരരുതെന്ന ഉദ്ദേശത്തില്‍ ആസൂത്രിതമായാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മുന്‍പ് നെട്ടൂരില്‍ കായലില്‍ നിന്നുതന്നെ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തിരുന്നു.
ഈ സംഭവത്തില്‍ ഇതുവരെ തുമ്പൊന്നും ലഭിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് നിറച്ച് മറച്ച നിലയില്‍ മൃതദേഹ ഭാഗങ്ങള്‍ ലഭിച്ചിരിക്കുന്നത്. 2016 ഡിസംബറിന് മുന്‍പ് കൊലപാതകം നടന്നുവെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തലകീഴായി നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചിരിക്കുകയാണ്. രണ്ടു മാസം മുന്‍പ് കായലില്‍നിന്ന് ചെളി കോരിയ സമയത്ത് ഈ വീപ്പ കരയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ നിറയുകയും ചെയ്തു. ഇതോടെയാണ് വിഷയം പൊലീസിന് മുമ്പിലെത്തിയത്.
മൃതദേഹത്തില്‍ നിന്നു ലഭിച്ച വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയില്‍നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. ദുരൂഹ സാഹചര്യത്തില്‍ വീപ്പ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് വാര്‍ത്ത വന്നിരുന്നു. ഇതേത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. കുമ്പളത്ത് ശാന്തികവാടത്തിന് തൊട്ടടുത്തായി കായലിനോട് ചേര്‍ന്നുള്ള പറമ്പില്‍ നാല് മാസം മുന്‍പ് മത്സ്യത്തൊഴിലാളികളാണ് വീപ്പ കണ്ടെത്തി കരയിലേക്ക് ഇട്ടത്.
മൃതദേഹത്തിന്റെ വസ്ത്രത്തിന്റെ അവശിഷ്ടങ്ങളും വീപ്പയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ നിരോധിച്ച മൂന്ന് അഞ്ഞൂറ് രൂപാ നോട്ടുകളും ഒരു നൂറ് രൂപയും കണ്ടെത്തി. ഏതാണ്ട് ഒരുവര്‍ഷം മുന്‍പുതന്നെ ഈ വീപ്പ മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതാണ്. വെള്ളത്തിനു മുകളില്‍ നെയ് പരന്നുകിടക്കുന്നത് കണ്ട് സംശയം തോന്നിയ മല്‍സ്യതൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് കായലിനടിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ വീപ്പ കണ്ടെത്തിയത്. എന്നാല്‍, അന്ന് വീപ്പയില്‍ പങ്കായം വച്ച് കുത്തിനോക്കിയെങ്കിലും കല്ലുനിറച്ചു വച്ചിരിക്കുന്നതു പോലെ തോന്നി.
പൊലീസ് സ്ഥലത്തെത്തി വീപ്പ പൊട്ടിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടത്. ശരീരഭാഗങ്ങള്‍ പൂര്‍ണമായും ദ്രവിച്ചു കഴിഞ്ഞ മൃതദേഹത്തില്‍ മുടിയും ഏതാനും അസ്ഥികളും മാത്രമേ അവശേഷിക്കുന്നുള്ളൂ. കൊലപാതകത്തിനുശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കുകയും പിന്നീട് അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയും ചെയ്തതാണെന്ന് സംശയിക്കുന്നു. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. മൃതദേഹം തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ടതിനെ തുടര്‍ന്ന് അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്.
മൃതദേഹം കണ്ടെത്തിയ ഭൂമിയോടു ചേര്‍ന്ന് കുമ്ബളം ശാന്തിതീരം പൊതുശ്മശാനവും സി.വി സി.സി. കോണ്‍ക്രീറ്റ് മിക്സിങ് കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍പ് നെട്ടൂരില്‍ കായലില്‍ നിന്നുതന്നെ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. കുമ്പളത്ത് വീപ്പയില്‍ കണ്ട കോണ്‍ക്രീറ്റ് കട്ടയും നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോണ്‍ക്രീറ്റ് കട്ടയും സാമ്യമുള്ളതായി പറയുന്നു. വിവരമറിഞ്ഞ് സിറ്റി പൊലീസ് കമ്മിഷണര്‍ എംപി. ദിനേശ്, ഡി.സി.പി. കറുപ്പ് സ്വാമി, എ.സി.മാരായ വിജയകുമാര്‍, ഷംസ്, ഫോറന്‍സിക് സര്ജന് ഡോ. ഉമേഷ് എന്നിവരുടെ നേതൃത്വത്തില്‍ തെളിവുകള്‍ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങള്‍ വിദഗ്ദ്ധ പരിശോധനയ്ക്കായി കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയതായി പൊലീസ് അറിയിച്ചു.
Post Your Comments