KeralaLatest NewsNews

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരന്റെ സംഭാവന 5000 രൂപ

ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരന്റെ സംഭാവന 5000 രൂപ. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഭിന്നശേഷിക്കാരനായ രാജു സംഭാവനയായി നല്‍കിയത് അയ്യായിരം രൂപ. പാളയം ലെനിന്‍ നഗര്‍ നിവാസിയായ രാജു മ്യൂസിയം വളപ്പില്‍ പെട്ടിക്കട നടത്തുകയാണ്. അയ്യായിരം രൂപയുടെ ചെക്ക്  അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കൈമാറിയത്.

‘നാലു വയസ്സുള്ളപ്പോള്‍ പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്നുപോയ തനിക്ക് ജീവിതം കെട്ടിപ്പടുക്കാനായത് മറ്റു പലരുടേയും സഹായം കൊണ്ടുകൂടിയാണ്. തീരപ്രദേശത്തെ ജനങ്ങളുടെ ജീവിതം വളരെ പരിതാപകരമാണ്. അവരെ സഹായിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്. അതുകൊണ്ടാണ് എന്റെ ചെറിയ വരുമാനത്തില്‍നിന്ന് ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്’- രാജു പറഞ്ഞു.

1993 മുതല്‍ മ്യൂസിയത്തിനകത്ത് എസ്ടിഡി ബൂത്ത് നടത്തിവരികയായിരുന്നു രാജു. മൊബൈല്‍ ഫോണ്‍ സാര്‍വത്രികമായതോടെ ടെലിഫോണ്‍ ബൂത്തുകളുടെ പ്രവര്‍ത്തനം ലാഭകരമല്ലാതായി. അങ്ങനെയാണ് സര്‍ക്കാര്‍ സഹായത്തോടെ ഐസ്‌ക്രീമും മിനറല്‍ വാട്ടറും വില്പന നടത്തുന്ന കിയോസ്‌ക് മ്യൂസിയത്തിന്റെ കിഴക്കേ ഗേറ്റിനരികില്‍ തുടങ്ങിയത്. ഈ കടയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് രാജുവും ഭാര്യ ശൈലജകുമാരിയും രണ്ടു മക്കളും ജീവിക്കുന്നത്. മൂത്തമകന്‍ ശ്രീകുമാര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുന്നു. മകള്‍ ശ്രീത ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.    സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പൊതുജനങ്ങളും ഈ ധനസഹായ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ തന്റെ നടപടി മാതൃകയാകുമെന്നാണ് വിശ്വാസമെന്നും രാജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button