അഹമ്മദാബാദ് : രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ മണ്ഡലത്തിലേയ്ക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും കരുത്തന്മാര് കൊമ്പുകോര്‍ക്കുന്ന രണ്ടു ഡസന്‍ മണ്ഡലങ്ങളിലെങ്കിലും തീപാറുന്ന പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. പ്രബലന്മാരുടെ മണ്ഡലങ്ങളിലെ സ്വതന്ത്ര ബാഹുല്യം വോട്ട് ചിതറിക്കുമെന്ന ആശങ്കയും ഇരുപക്ഷത്തുമുണ്ട്. ഇരുപതോളം മണ്ഡലങ്ങളില്‍ മുഖ്യധാരാ പാര്‍ട്ടികള്‍ക്കു പുറമേ എന്‍സിപിയും ബിഎസ്പിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതു കോണ്‍ഗ്രസില്‍ ആശങ്കയുയര്‍ത്തുന്നു.
മുഖ്യമന്ത്രി വിജയ് രൂപാണി മത്സരിക്കുന്ന രാജ്കോട്ട് വെസ്റ്റില്‍ സംസ്ഥാനത്തെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികനായ ഇന്ദ്രാനില്‍ രാജ്യഗുരു (കോണ്‍ഗ്രസ്) ആണ് എതിര് സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നു വിശേഷിപ്പിക്കാവുന്ന ശക്തിസിങ് ഗോഹിലും ബിജെപിയുടെ കരുത്തന്മാരിലൊരാളായ വീരേന്ദ്രസിങ് ജഡേജയും കൊമ്പുകോര്‍ക്കുന്ന മാണ്ഡ്വി, കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അര്ജുന് മോധ്വാദിയയും ബിജെപിയുടെ കൃഷി മന്ത്രി ബാബു ബോക്കിരിയയും ഏറ്റുമുട്ടുന്ന പോര്‍ബന്ദര്‍ എന്നിവിടങ്ങളിലും തീപാറും. വാധ്വാന്‍, ജസ്ദാന്‍, ധൊരാജി, ഭാവ്നഗര്‍ വെസ്റ്റ്, കുടിയാന, ഉന, അമ്റേലി, ബോത്താഡ്, വരാച്ഛ റോഡ്, ഝഗാദിയ, സൂറത്ത് എന്നിവയാണു കടുത്ത മല്‍സരമുള്ള മറ്റു മണ്ഡലങ്ങള്‍.
Post Your Comments