തിരുവനന്തപുരം: ബോണക്കാട് വനത്തിൽ സ്ഥാപിച്ചിരുന്ന 10 അടി പൊക്കമുള്ള തേക്കില്‍ തീര്‍ത്ത കുരിശ്ശ് തകര്‍ന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുരിശ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വിതുരയില്‍ നിന്ന് ബൈനോക്കുലര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ സഭ അധികൃതര്‍ കുരിശ് ഇരിക്കുന്ന പ്രദേശം പരിശോധിക്കുന്നത് പതിവാണ്. എന്നാല്‍ ചൊവ്വാഴ്ച അത്തരത്തില്‍ പരിശോധന നടത്തിയപ്പോള്‍ കുരിശ്ശ് കാണാന്‍ സാധിച്ചില്ല.
തുടര്‍ന്ന് പള്ളി കമ്മിറ്റി അംഗങ്ങള്‍ മലകയറി പരിശോധന നടത്തിയപ്പോഴാണ് കുരിശ്ശ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്ന് തോര്‍ത്ത്, പശ, ചെറിയ കമ്ബി കഷണങ്ങള്‍ എന്നിവയും കുരിശിന്റെ തകര്‍ന്ന ഭാഗത്ത് ഒലിച്ചിറങ്ങിയ നിലയില്‍ കരിമരുന്നും കണ്ടെത്തിയിട്ടുണ്ടെന്ന് സഭാ നേതൃത്വം അറിയിച്ചു. 250 മീറ്റര്‍ ദൂരത്തോളം ചിന്നിച്ചിതറിയ നിലയിലാണ് തകര്‍ന്ന കുരിശിന്റെ ഭാഗങ്ങള്‍. സംഭവത്തില്‍ വിതുര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 29 ന് സെക്രട്ടറിയേറ്റ് അനക്സില്‍ വനം മന്ത്രി കെ. രാജുവുമായി കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ ആര്‍ച്ച് ബിഷപ് ഡോ.എം സൂസപാക്യം നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 31 ന് സ്ഥാപിച്ച കുരിശാണ് തകര്‍ക്കപ്പെട്ടത്. മന്ത്രിതല ചര്‍ച്ചക്ക് ശേഷം സെപ്തബര്‍ 1 ന് കുരിശുമലയില്‍ തല്‍സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് വന്നിരുന്നു. തകര്‍ന്ന കുരിശിന്റെ ഭാഗങ്ങളില്‍ നിന്നും കരിമരുന്നിന്റെ അംശം കണ്ടെത്തിയത് ദുരൂഹത ഉയര്‍ത്തുന്നുവെന്നാണ് സഭ അധികൃതർ പറയുന്നത്.
Post Your Comments