ഖാർഖണ്ഡ്: അവിവാഹിതയായ 17 കാരി തിരക്കുള്ള തെരുവിൽ കുഞ്ഞിന് ജന്മം നൽകി. ചൊവ്വാഴ്ച അതിരാവിലെയോടെയാണ് സംഭവം. പ്രദേശവാസിയായ ഒരാൾ രാവിലെ പതിവ് നടത്തയ്ക്കായി പോകുമ്പോഴാണ് പെൺകുട്ടിയുടെ മടിയിൽ അപ്പോൾ പ്രസവിച്ച കുഞ്ഞുമായി ഇരിക്കുന്നത് കാണുന്നത്. കുഞ്ഞിന്റെ പൊക്കിൾ കൊടി പോലും മുറിച്ചിരുന്നില്ല. പെൺകുട്ടി തീരെ അവശ നിലയിലായിരുന്നു. തണുപ്പ് കാരണം വിറയ്‌ക്കുകയും സ്ഥലകാല ബോധമില്ലാത്ത അവസ്ഥയിലുമായിരുന്നു.
റോഡിൽ നിന്ന് എണീക്കാനോ കുഞ്ഞിനെ എടുക്കാനോ ഉള്ള ആരോഗ്യം അവൾക്കില്ലായിരുന്നു എന്നാണു ദൃക് സാക്ഷിവിവരണം. പ്രദേശവാസികൾ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പെൺകുട്ടിയെ എത്തിച്ചെങ്കിലും അവരുടെ പ്രതികരണം വളരെ മോശമായിരുന്നെന്നു ആരോപണമുണ്ട്. പെൺകുട്ടിയെ ഇവിടെ അഡ്മിറ്റ് ചെയ്യുകയും രണ്ടു ദിവസത്തിനുള്ളിൽ നില മെച്ചപ്പെടുമെന്നും നേഴ്‌സുമാർ പറയുന്നു.
പെൺകുട്ടിയെ കുറെ നാളായി ഈ തെരുവിൽ കാണാറുണ്ടെന്നാണ് വിവരം. പെൺകുട്ടിയുടെ മൊഴിയിൽ കുട്ടി അവളുടെ ഗ്രാമവാസിയായ ഒരാളുമായി പ്രണയത്തിലായിരുന്നെന്നും ഗർഭിണിയായപ്പോൾ അയാൾ ഉപേക്ഷിക്കുകയുമായിരുന്നു എന്നുമാണ്. നാട്ടുകാരെ ഭയന്ന് പെൺകുട്ടിയുടെ അമ്മയും മറ്റു ബന്ധുക്കളും കുട്ടിയെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതുവരെ ബന്ധുക്കൾ ആരും അന്വേഷിച്ചു വന്നിട്ടില്ല. പെണ്കുട്ടിയുടെ പിതാവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു പോയിരുന്നു. പെണ്കുട്ടിയെ ഒരു സന്നദ്ധ സംഘടന ഏറ്റെടുത്തതായാണ് റിപ്പോർട്ട്.
Post Your Comments