Latest NewsIndia

അഞ്ച് ദിവസം, 80 ഉദ്യോഗസ്ഥർ: ഒടുവിൽ കോൺഗ്രസ് എംപിയുടെ കമ്പനിയിലെ നോട്ട് എണ്ണിത്തീർന്നു, രാജ്യത്ത് ഇതാദ്യം

ന്യൂഡൽഹി: കോൺഗ്രസ് എംപി ധീരജ് പ്രസാദ് സാഹുവിന്റെ സ്ഥാപനത്തിൽനിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത് 351 കോടി രൂപ. രാവും പകലുമായി നടന്ന നോട്ട് എണ്ണൽ പ്രവൃത്തി പൂർത്തിയായി. 80 ഓളം ഉദ്യോഗസ്ഥർ ഒൻപതു സംഘങ്ങളായി തിരിഞ്ഞ് അഞ്ച് ദിവസംകൊണ്ടാണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. രാജ്യത്ത് ഒരു സ്ഥാപനത്തിൽനിന്ന് ഇത്രയധികം പണം പിടികൂടുന്നത് ആദ്യമാണെന്നാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്.

പിടികൂടിയ പണത്തിന് രേഖകളില്ലെന്നാണ് ആദായനികുതി വകുപ്പിൻ്റെ അനുമാനം. മദ്യവിൽപ്പന വഴി ലഭിച്ച പണമാണിതെന്നാണ് നിഗമനം. അതേസമയം സംഭവത്തിൽ ധീരജ് പ്രസാദ് സാഹുവോ കമ്പനി അധികൃതരോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എംപി ഒളിവിലാണെന്ന റിപ്പോർട്ടുമുണ്ട്. ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് നേതാവായ ധീരജ് പ്രസാദ് സാഹു ജാർഖണ്ഡിൽ നിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഒഡീഷയിലെ ബൗധ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ ഈ മാസം ആറിനാണ് ആദായനികുതി വകുപ്പ് പരിശോധന ആരംഭിച്ചത്. ഞായറാഴ്ച കമ്പനിയുടെ പ്രമോട്ട‍ർമാരിലേക്കും പരിശോധന നീണ്ടു. കൂടാതെ, ജാർഖണ്ഡിലെ കേന്ദ്രങ്ങളിലും സാഹുവിൻ്റെ വസതിയിലും പരിശോധന നടന്നു. നികുതി വെട്ടിപ്പ്, അനധികൃത ഇടപാട് തുടങ്ങിയ വകുപ്പുകൾ പ്രകാരമായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.

ഒഡീഷയിലെ വിവിധ ബാങ്കുകളിലേക്ക് പണം മാറ്റാനായി 200 ബാഗുകളും ട്രങ്കുകളും ഉദ്യോഗസ്ഥ‍ർക്ക് ആവശ്യമായി വന്നു. മറ്റിടങ്ങളിൽ നടത്തിയ പരിശോധയിൽ 10 അലമാരകളിൽനിന്ന് കൂടി പണം പിടികൂടിയതോടെ സുരക്ഷയ്ക്കും മറ്റുമായി 200 പേരുൾപ്പെടുന്ന ഒരു സംഘത്തെ കൂടി ആദായിനികുതി വകുപ്പ് അധികമായി നിയോഗിച്ചു. വിവിധ ബാങ്കുകളിൽനിന്ന് 40 ഓളം നോട്ടെണ്ണൽ മെഷീനുകൾ എത്തിച്ചാണ് പണം എണ്ണിത്തീ‍ർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button