തിരുവനന്തയൂരം: ബന്ധു നിയമന വിവാദത്തിൽ സിപിഎമ്മിന്റെ ഒരു മന്ത്രി രാജിവെച്ചൊഴിഞ്ഞിട്ടു അധികമായിട്ടില്ല, അടുത്ത ബന്ധു നിയമനത്തിന് മറ്റൊരു മന്ത്രി കൂടി വിവാദത്തിൽ. മന്ത്രി എ കെ ബാലനാണ് പുതിയ വിവാദത്തിൽ പെട്ടിരിക്കുന്നത്. മന്ത്രിയുടെ ഭാര്യയെ ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആർദ്രം മിഷന്റെ മാനെജ്മെന്റ് കൺസൽറ്റന്റായി നിയമിച്ചതാണ് വിവാദത്തിനു കാരണമായത്.
നെഹ്റു ഗ്രൂപ്പ് വിവാദത്തിലായപ്പോൾ പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിച്ച ഡോക്ടർ ജമീലയ്ക്ക് ആർദ്രം മിഷന്റെ ഈ തസ്തിക നൽകിയതിൽ വിവാദം കൊഴുക്കുകയാണ്. ഇതിലേക്ക് മൂന്നുപേർ അപേക്ഷിച്ചിരുന്നു. ജമീലയെ കൂടാതെ മറ്റൊരാളും അഭിമുഖത്തിന് എത്തിയിരുന്നെങ്കിലും മന്ത്രി പത്നിയെ കണ്ടതോടെ അയാൾ മടങ്ങിപ്പോകുകയായിരുന്നു.
ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ഈ പദവിയുടെ ചുമതല. ആശുപത്രി സൂപ്രണ്ട് പദവിയിൽ പ്രവൃത്തിപരിചയമുള്ളവരെയാണ് ആരോഗ്യവകുപ്പ് ഈ തസ്തികയിലേക്ക് പരസ്യത്തിലൂടെ ക്ഷണിച്ചിരുന്നത്. ഒരുവര്‍ഷത്തേക്കാണ് നിയമന കരാർ.
അതെ സമയം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ പറയുന്നത് യോഗ്യതകളെല്ലാം പരിഗണിച്ചാണ് ഡോക്ടർ ജമീലയെ നിയമിച്ചതെന്നാണ്.ഏപ്രിൽ 26ന് നടന്ന അഭിമുഖം സുതാര്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിഷ്ണു പ്രണോയിയുടെ മരണത്തോടെ പി കെ ദാസ് മെഡിക്കൽ കോളേജിൽ നിന്ന് ഡോക്ടർ ജമീല, മന്ത്രി എ കെ ബാലന്റെ നിർദ്ദേശ പ്രകാരം വിട്ടു നിൽക്കുകയായിരുന്നു.
Post Your Comments