KeralaLatest News

പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുന്നു

തൃശ്ശൂര്‍ : പാലിയേക്കര ടോള്‍പ്ലാസയില്‍ ഗതാഗതകുരുക്കിന് പരിഹാരമായി പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് ടോള്‍പ്ലാസയിലേക്ക് സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് എ.ഡി.എം അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഗതാഗത നിയന്ത്രണത്തിനായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്. ടോള്‍ പ്ലാസയില്‍ വലിയ ഗതാഗതക്കുരുക്ക് വരുന്നത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്നും കരാര്‍ വ്യവസ്ഥകള്‍ പാലിക്കണമെന്നും ആവശ്യപ്പെട്ടാണ് ടോള്‍ പ്ലാസയിലേക്ക് എഐവൈഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പിയുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പരിഷ്‌കാരത്തിന് ധാരണയായത്. എഐവൈഎഫ് നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു.

ഒരു നിരയില്‍ അഞ്ചിലേറെ വാഹനമെത്തിയാല്‍ ടോള്‍ ഒഴിവാക്കുമെന്ന് എഡിഎം അറിയിച്ചു. കരാര്‍ വ്യവസ്ഥപാലിക്കാന്‍ ടോള്‍ പ്ലാസ അധികൃതര്‍ക്ക് എഡിഎം നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ വാഹനങ്ങള്‍ വന്നാല്‍ ടോള്‍ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കാനും തീരുമാനിച്ചു. ബുധനാഴ്ച പൊതുമരാമത്ത് മന്ത്രിയും ടോള്‍ ബൂത്ത് അധികൃതരുമായി ചര്‍ച്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button