മംഗളുരു: ഗാർഡുമാരില്ലാതെ 1000 ട്രെയിനുകൾ ഓടിക്കാനുള്ള തയ്യാറെടുപ്പോടെ റെയിൽവേ രംഗത്ത്. ഗാർഡിനു പകരം ഏൻഡ് ഓഫ് ട്രെയിൻ ടെലിമെട്രി (ഇ ഒ ടി ടി) എന്ന ഉപകരണം ഉപയോഗിച്ചാണ് ട്രെയിനുകളിൽ പിന്നിൽ നിന്നുള്ള നിയന്ത്രണം സാധ്യമാകുക. ഇതിന്റെ ആദ്യ ഘട്ടത്തിൽ 100 കോടി രൂപയുടെ ആഗോള ടെൻഡർ ഉടൻ വിളിക്കും.
എൻജിന് പിന്നിൽ നിന്ന് കൊച്ചോ വാഗണോ വേർപെട്ടാൽ ലോക്കോ പൈലറ്റിന് സന്ദേശം നൽകുന്നതാണ് ഇ.ഒ.ടി.ടി എന്ന ഉപകരണം. ഒന്നിന് 10 ലക്ഷം രൂപയോളം വിലവരും. ഉപകരണത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. എൻജിനിൽ ഘടിപ്പിക്കുന്ന കാബ് ഡിസ്പ്ലേ യൂണിറ്റ്( സി.ഡി.യു), പിന്നിൽ ഗാർഡിന്റെ കോച്ചിൽ ഘടിപ്പിക്കുന്ന സെൻസ് ആൻഡ് ബ്രേക്ക് യൂണിറ്റ് (എസ്.ബി.യു) എന്നിവയാണവ.
രണ്ടു യൂണിറ്റുകളും തമ്മിൽ റേഡിയോ ട്രാൻസ്മിറ്റർ വഴി ബന്ധിപ്പിച്ചാണ് സന്ദേശം കൈമാറുന്നത്. ഇവ തമ്മിൽ നിശ്ചിത ഇടവേളകളിൽ സന്ദേശം കൈമാറികൊണ്ടിരിക്കും. സന്ദേശം കൈമാറുന്നതിൽ തടസ്സം നേരിട്ടാൽ ലോക്കോപൈലറ്റിന് മുന്നറിയിപ്പ് ലഭിക്കുകയും ട്രെയിൻ ഉടൻ നിർത്തുകയും ചെയ്യും.
തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട പാതകളിൽ ചരക്കു വണ്ടികൾ ഇതുപയോഗിച്ച് സർവീസ് നടത്തും. തുടർന്ന് ചരക്കുവണ്ടികൾ പൂർണ്ണമായും ഗാർഡുമാരില്ലാതെ ഇതുപയോഗിച്ച് സർവീസ് നടത്താനാണ് തീരുമാനം.
Post Your Comments