KeralaNews

മുഖ്യമന്ത്രിയ്ക്ക് വീണ്ടും വഴി തെറ്റി; അസഭ്യവര്‍ഷവുമായി പോലീസ് അസോസിയേഷന്‍ നേതാക്കള്‍

തിരുവനന്തപുരം•മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിന് വീണ്ടും വഴിതെറ്റി. ശനിയാഴ്ചയാണ് സംഭവം. കൊട്ടിയം-കുണ്ടറ വഴി തിരുവല്ലയ്ക്ക് പോകേണ്ട വാഹനവ്യൂഹം എം.സി റോഡ്‌ വഴിയാണ് സഞ്ചരിച്ചത്. തിരുവനന്തപുരം സിറ്റി പോലീസിന്റെ വീഴ്ചയാണ് ഒരു മാസത്തിനിടെ രണ്ടാം തവണ മുഖ്യമന്ത്രിയുടെ വാഹനത്തിന് വഴിതെറ്റാനിടയാക്കിയത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തിരുവനന്തപുരം സിറ്റി പോലീസിന്റെ അതിര്‍ത്തിയായ മരുതൂരില്‍ എത്തിയപ്പോള്‍ അവിടെ റൂറല്‍ പോലീസിന്റെ വാഹനം ഉണ്ടായിരുന്നില്ല. അപ്പോഴാണ് വഴിതെറ്റിയ വിവരം മനസിലാക്കുന്നത്. അതേസമയം, മുഖ്യമന്ത്രി കൊട്ടിയത്തേക്ക് വരുന്നതായി വിവരം ലഭിച്ച റൂറല്‍ പോലീസ് സംഘം കഴക്കൂട്ടത്തിനടുത്ത് വെട്ടുറോഡില്‍ കാത്ത് നില്‍ക്കുകയായിരുന്നു. വഴിതെറ്റിയത് മനസിലാക്കിയ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പിന്നീട് ദേശിയ പാതയില്‍ പ്രവേശിച്ച് യാത്ര തുടര്‍ന്നു.

അതിനിടെ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വഴിതെറ്റിയതറിഞ്ഞ് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി പോലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ജില്ലാ ഭാരവാഹികളായ മൂന്ന് പേരാണ് അസഭ്യവര്‍ഷവുമായി എത്തിയത്.

നേരത്തെ, ചെമ്പഴന്തി വഴി പോത്തന്‍കോട് ഭാഗത്തേക്കു പോകേണ്ട മുഖ്യമന്ത്രിയുടെ വാഹനം വഴിതെറ്റി പരുത്തിപ്പാറ ഭാഗത്തേക്കു പോയിരുന്നു. പിന്നീട് വഴിതെറ്റിയതറിഞ്ഞ് തിരികെ വരികയായിരുന്നു. ഡെയ്‌ലി റിപ്പോര്‍ട്ട് ബുക്കില്‍ രേഖപ്പെടുത്തിയ പിഴവാണ് വഴിതെറ്റാന്‍ ഇടയാക്കിയത്. കൊട്ടിയം -കുണ്ടറ- തിരുവല്ല എന്ന് എഴുതുന്നതിനു പകരം കോട്ടയം – തിരുവല്ല – കുണ്ടറ എന്നെഴുതിയതാണ് ശനിയാഴ്ച വഴിതെറ്റാന്‍ ഇടയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button