കാസർകോട്:പുതിയ സർക്കാർ ഭരണത്തിലേറിയിട്ടും കൈക്കൂലിക്കാരെ പിടികൂടാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി വാങ്ങുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നു എന്ന് വേണം പറയാൻ.സാധാരണക്കാരെ വട്ടംകറക്കുന്ന പതിവ് തുടർന്നുകൊണ്ടേയിരിക്കുന്നു.ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് താഹിറ ഖാലിദ എന്ന വീട്ടമ്മയെ മാതൃകയാക്കുയാണ് വേണ്ടത്.
കൈവശാവകാശ രേഖ നല്‍കുന്നതിനായി വില്ലേജ് ഓഫീസര്‍ കൈക്കൂലി ആവശ്യപ്പെട്ടപ്പോഴാണ് താഹിറ ഖാലിദ ഉദ്യോഗസ്ഥനെ കുടുക്കിയത്.മഞ്ചേശ്വരം ബായാര്‍ വില്ലേജ് ഓഫീസര്‍ മാവേലിക്കര സ്വദേശി ഇ.സുധാകരന്‍ ആണ് കൈക്കൂലി ആവശ്യപ്പെട്ടതിന് അറസ്റ്റിലായത്.വായ്പയെടുക്കുന്നതിനുവേണ്ടി സ്ഥലത്തിന്റെ രേഖകള്‍ തയ്യാറാക്കി നല്‍കുന്നതിനാണ് വില്ലേജ് ഓഫീസര്‍ വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വായ്പാ ആവശ്യത്തിന് ഐ സ്കെച്ച് നല്‍കണമെങ്കില്‍ 1000 രൂപ കൈക്കൂലി നല്‍കണമെന്നായിരുന്നു വില്ലേജ് ഓഫീസറുടെ ആവശ്യം.എന്നാൽ താഹിറ ഉടൻതന്നെ വിജിലന്‍സില്‍ പരാതി നല്‍കിയശേഷം അവര്‍ നല്‍കിയ 1000 രൂപയുമായി താഹിറ വില്ലേജ് ഓഫീസില്‍ എത്തി. പണം കൈമാറിയ ഉടന്‍ ഡി.വൈ.എസ്.പി. കെ.വി.രഘുരാമന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വില്ലേജ് ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.
കൈവശാവകാശ രേഖ, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐ സ്കെച്ച് എന്നിവ ആവശ്യപ്പെട്ട് ഒക്ടോബര്‍ ആറിനും ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റിന് 17നും കൈവശാവകാശ രേഖക്ക് 26നും അപേക്ഷ നൽകുകയായിരുന്നു.എന്നാൽ ഐ സ്കെച്ചിന് രണ്ടായിരം രൂപ തരണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടതായും പണം തന്നില്ലെങ്കില്‍ രേഖ തരില്ലെന്ന് അദ്ദേഹം പറഞ്ഞതായും പറയുന്നു.സഹികെട്ടപ്പോഴാണ് വിജിലന്‍സിന് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ രേഖകള്‍ക്കായി എത്തുന്ന വേറൊരാള്‍ക്കും മേലില്‍ ഇത്തരം ദുരിതം ഉണ്ടാകാതിരിക്കണമെന്ന തീരുമാനമാണ് വിജിലന്‍സിനെ സമീപിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് താഹിറ പറയുന്നു . ഇത്തരം അനീതിക്കെതിരെ സ്ത്രീകളും രംഗത്തിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും അവർ പറയുകയുണ്ടായി.ഇതോടെ കൈക്കൂലിക്കെതിരെ വിജിലന്‍സിന് പരാതി നല്‍കാന്‍ ധൈര്യം കാണിച്ച അപൂര്‍വം സ്ത്രീകളില്‍ ഒരാളായിരിക്കുകയാണ് താഹിറ.
Post Your Comments