തിരുവനന്തപുരം : വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് പറഞ്ഞ സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെ പിന്തുണച്ച് മന്ത്രി കെ.കെ ശൈലജ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സി.പി.എം കൗണ്‍സിലര്‍ ജയന്തനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം വിശദീകരിക്കവെ, തൃശൂര്‍ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന് സംഭവത്തിലെ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും പേരെടുത്ത് പറഞ്ഞത്. ജയന്തന്റെ പേരു പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രാധാകൃഷ്ണന്റെ നടപടി വിവാദമാവുകയും അദ്ദേഹത്തിനെതിരെ കേസെടുത്ത് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
ഇരയുടെ പേര് വെളിപ്പെടുത്തിയ രാധാകൃഷ്ണന്റെ നടപടി തെറ്റല്ലെന്നാണ് ശൈലജ വ്യക്തമാക്കിയത്. ജയന്തന്റെ പേരു പറയാമെങ്കില്‍ പരാതിക്കാരിയുടെ പേരും പറഞ്ഞത് വലിയ തെറ്റായി കാണുന്നില്ല. ഇരയെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെയല്ല പേര് വെളിപ്പെടുത്തിയത്. ഇരയുടെ പേര് കൂടി പറഞ്ഞ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കാലം വരണമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ നമ്മുടെ നാട്ടിലെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അനുസരിച്ച് പേരു വെളിപ്പെടുത്താത്തതാണ് നല്ലതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമം 228 എ ഉപവകുപ്പ് പ്രകാരം മാനഭംഗത്തിനിരയായ യുവതിയുടെ പേര് വെളിപ്പെടുത്തുന്നതു രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. സ്റ്റേഷന് ജാമ്യത്തില്‍ പുറത്തിറങ്ങാനും കഴിയില്ല.
Post Your Comments