മലപ്പുറം: മലപ്പുറത്തെ കളക്ടറേറ്റ് വളപ്പിലുണ്ടായ സ്ഫോടനത്തിന് ഉപയോഗിച്ച പ്രഷർ കുക്കർ ചെന്നൈയിൽ നിർമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. വിശദമായ പരിശോധനയിലാണ് പ്രഷർ കുക്കറിൽ കമ്പനിയുടെ പേര് കൊത്തിയിരുന്നതായി കണ്ടെത്തിയത്. തുടരന്വേഷണത്തിൽ ഈ കമ്പനിക്ക് വടക്കൻ കേരളത്തിൽ വിൽപന ശാലകളില്ലെന്നും മനസിലായി. ഇതോടെയാണ് ചെന്നൈയിൽ നിന്ന് വാങ്ങി ഇവിടെ കൊണ്ടുവന്ന് സ്ഫോടനം നടത്തിയെന്ന നിഗമനത്തിൽ പൊലീസ് സംഘം എത്തിച്ചേർന്നത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്.
അതേസമയം, പഴയ അൽ ഉമ്മ (ബേസ് മൂവ്മെന്റ്) സംഘടനയുടെ തലവൻ അബൂബക്കർ സിദ്ധിഖിയാണ് സ്ഫോടനത്തിന് പിന്നിലെന്ന സംശയം ബലപ്പെട്ടു. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ നാഗപ്പട്ടണം സ്വദേശിയായ സിദ്ധിഖിയുടെ വീട് പരിശോധിച്ചു. സിദ്ധിഖി, ഏറെക്കാലമായി വീട്ടിൽ വന്നിട്ടെന്നാണ് ഭാര്യ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. അതേസമയം, സിദ്ധിഖി സൗദിയിലുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. അൽ ഉമ്മ സംഘടന നിർജീവമല്ലെന്ന് തെളിയിക്കുന്നതിന് വേണ്ടി കൂടിയാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
Post Your Comments