ന്യൂഡല്‍ഹി: ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ആറ് സംസ്ഥാനങ്ങളിലായി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ടീമുകള്‍. രാജസ്ഥാന്‍, ഹരിയാന, കര്‍ണാടക, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ ആറ് സംസ്ഥാനങ്ങളിലാണ് പ്രത്യേക സംഘത്തെ നിയമിച്ചിരിക്കുന്നത്. ഇതിന് പുറമെ 50 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രതികളുടെ ഡിജിറ്റല്‍, ബാങ്ക് വിവരങ്ങളും പശ്ചാത്തലവും അന്വേഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഓരോ പ്രതികളുടെയും അന്വേഷണ ചുമതല ഓരോ സംഘത്തിനാണ്. സ്പെഷ്യല്‍ സെല്‍ സംഘം പ്രതികളെ കൂടെ കൊണ്ടുപോയി ആറ് സംസ്ഥാനങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലായി പാര്‍പ്പിച്ചിരിക്കുകയാണ്.
സതേണ്‍ റേഞ്ചിലെ സ്പെഷ്യല്‍ സെല്‍ സാകേതിന്റെ സംഘത്തിനാണ് പ്രതികളിലൊരാളായ സാഗര്‍ ശര്‍മയുടെ അന്വേഷണ ചുമതല. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയുടെ മുഖ്യ സൂത്രധാരന്‍ ലളിത് ഝായെ സൗത്ത് വെസ്റ്റേണ്‍ റേഞ്ചിലെ ജനക്പുരി സ്പെഷ്യല്‍ സെല്‍ ടീമിന് കൈമാറി. രാജസ്ഥാനിലെ നാഗൗറില്‍ നിന്ന് പ്രത്യേക സെല്‍ സംഘം പ്രതികളുടെ കത്തിക്കരിഞ്ഞ മൊബൈല്‍ ഫോണുകള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തിരുന്നു. മറ്റൊരു പ്രതിയായ മനോരഞ്ജന്‍ ഡിയെ ന്യൂ ഡല്‍ഹി റേഞ്ചില്‍ (എന്‍ഡിആര്‍), ലോധി റോഡിലുള്ള പ്രത്യേക സെല്ലിന് കൈമാറി. സംഘം ഇയാളെക്കുറിച്ച് അന്വേഷിക്കുകയും ചോദ്യം ചെയ്ത് വരികയാണെന്നും അധികൃതര്‍ അറിയിച്ചു.
നീലം ദേവിയുടെ മുഴുവന്‍ അന്വേഷണവും ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിലെ സ്പെഷ്യല്‍ സെല്‍ ടീമിനാണ്. എല്ലാ പ്രതികളെയും ശനിയാഴ്ച പ്രത്യേക സെല്ലിന്റെ വിവിധ യൂണിറ്റുകള്‍ക്ക് കൈമാറി. സ്പെഷ്യല്‍ സെല്‍ അന്വേഷിച്ച ശേഷം പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി എന്‍എഫ്സി സ്പെഷ്യല്‍ സെല്‍ ടീമിന് കൈമാറുമെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments