ജയ്സാൽമേർ: ഇന്ത്യൻ വ്യോമസേനയുടെ തേജസ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ജയ്സാൽമേറിലാണ് തേജസ് വിമാനം തകർന്നു വീണത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അപകടത്തിന് മുൻപേ രക്ഷപ്പെട്ടു.
വിമാനം തകർന്നു വീണത് ഒരു കോളേജ് ഹോസ്റ്റലിന് മുന്നിലാണ്. ആദ്യമായിട്ടാണ് തേജസ് വിമാനം തകരുന്നത്. തകർന്ന് വീണതിന് പിന്നാലെ തേജസ് വിമാനത്തിന് തീപിടിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു. പൈലറ്റുമാർക്ക് പരിശീലനം നൽകുന്നതിനിടെയാണ് സംഭവം നടന്നത്. ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റാണ് തേജസ്. ഹിന്ദുസ്ഥാൻ എയ്‌റോനോടിക്‌സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ചതാണിത്. ജയ്സാൽമേറിലെ ജവഹർ നഗറിലാണ് അപകടം നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച ഭാരത് ശക്തി പ്രോഗ്രാം വേദിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയാണ് ഇവിടം.
അപകടം നടന്ന ഉടൻ തന്നെ അഗ്നിരക്ഷാ സേനയും പോലീസും സംഭവ സ്ഥലത്തെത്തി. നാട്ടുകാരും പോലീസും അഗ്നിരാക്ഷാ സേനയും ചേർന്നാണ് തീ അണച്ചത്. അതേസമയം, ഒരാഴ്ച മുൻപ് പശ്ചിമ ബംഗാളിലും മറ്റൊരു യുദ്ധവിമാനം തകർന്നു വീണിരുന്നു.
Post Your Comments