ന്യൂയോര്‍ക്ക് : രണ്ടാം ലോക മഹായുദ്ധത്തിന്‍റെ വിഖ്യാത ചിത്രത്തിലെ നഴ്സ് ഒാര്‍മയായി. ഗ്രെറ്റ സിമ്മര്‍ ഫ്രൈഡ്മാനാണാണ് 92-ആം വയസില്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വെര്‍ജീനിയയിലെ റിച്ചാര്‍ഡ് മോണ്ടിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മകന്‍ ജോഷ്വ ഫ്രൈഡ്മാനാണ് മരണ വിവരം പുറത്തുവിട്ടത്.രണ്ടാം ലോക മഹായുദ്ധം അവസാനിച്ച വാര്‍ത്തയറിഞ്ഞ് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ വച്ച് നാവികന്‍ ചുംബിച്ച നഴ്സായിരുന്നു ഗ്രെറ്റ. ഒറ്റ ചിത്രത്തിലൂടെ ഗ്രെറ്റ പ്രശസ്തയാവുകയായിരുന്നു.
20ാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ചിത്രമായിരുന്നു അത്. പ്രശസ്ത ഫോട്ടൊഗ്രാഫറായ ആല്‍ഫ്രഡ് ഐസന്‍സ്റ്റടായിരുന്നു ചിത്രം എടുത്തത്.ലൈഫ് മാഗസീനിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലുള്ളത് ദമ്പതികളെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. 1980കളോടെയാണ് ചിത്രത്തിലുള്ളത് നാവികന്‍ ജോര്‍ജ് മെന്‍ഡോസയും നഴ്സ് ഗ്രെറ്റയുമാണെന്ന് തിരിച്ചറിയപ്പെട്ടിരുന്നത്.എന്നാല്‍ ഗ്രെറ്റയ്ക്കും ജോര്‍ജിനും തമ്മില്‍ പരിചയം ഉണ്ടായിരുന്നില്ല എന്നതാണ് രസകരമായ വിവരം.
അപ്രതീക്ഷിതമായി ഉണ്ടായതാണ് ഇതെന്ന് ഗ്രെറ്റ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഇത് വെറുമൊരു ചുംബനമല്ല. ഇതൊരു ആഘോഷമാണ്. ഇതൊരു റൊമാന്‍റിക് രംഗവുമല്ല- ഗ്രെറ്റ വ്യക്തമാക്കിയിരുന്നു.ജപ്പാന്‍ കീഴടങ്ങിയ വാര്‍ത്ത അറിഞ്ഞ് സന്തോഷം കൊണ്ട് ജോര്‍ജ് നഴ്സിന്‍റെ വസ്ത്രം ധരിച്ച് നില്‍ക്കുകയായിരുന്ന ഗ്രെറ്റയെ ചുംബിക്കുകയായിരുന്നു.ഈ സമയം ജോര്‍ജിന്‍റെ കാമുകി റീത്ത പെട്രിയും ജോര്‍ജിനൊപ്പമുണ്ടായിരുന്നു. റീത്ത തന്നെയാണ് ജോര്‍ജിന്‍റെ ഭാര്യയായതും.ചിത്രം എടുക്കുമ്പോള്‍ ഗ്രെറ്റയ്ക്ക് 21 വയസായിരുന്നു. ദന്ത ഡോക്റ്ററുടെ അസിസ്റ്റന്‍റായി ജോലി നോക്കുകയായിരുന്നു ഗ്രെറ്റ.
Post Your Comments