ഫുജൈറ : ആറുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കുമെന്നു സ്പോണ്സര്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരോടൊപ്പം ക്യാംപിലെത്തിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പുനല്‍കിയത്. ശമ്പളവും ഭക്ഷണവുമില്ലാതെ അല്‍ ഹൈല്‍ വ്യവസായമേഖലയിലെ എന്‍ജിനിയറിംഗ് കമ്പനിയുടെ ക്യാമ്പിലാണ് 35 ഓളം പേര് കുടുങ്ങിക്കിടക്കുന്നത്.
ഇതെ തുടര്‍ന്നു യുഎഇ കെ.എം.സി.സി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ഡോ. പുത്തൂര്‍ റഹ്മാന് ഇന്ത്യന്‍ കോണ്‍സുലേറ്റിനെയും കമ്പനിയുടെ സ്പോണ്സറെയും വിവരം അറിയിക്കുകയായിരുന്നു. ക്യാംപില്‍ ഭക്ഷണം നിര്‍ത്തിയ കാര്യമറിഞ്ഞ സ്പോണ്സര്, കമ്പനി ഉടമകള്‍ പൂട്ടിയ അടുക്കള തുറന്നുകൊടുത്തു. ഭക്ഷണം പാകം ചെയ്തു കഴിച്ചെന്ന് ഉറപ്പുവരുത്തിയാണു സ്പോണ്‍സറും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും മടങ്ങിയത്.
ഉടമയുടെ കീഴിലുള്ള മൂന്നു കമ്പനികളിലെ തൊഴിലാളികളില്‍ നാട്ടില്‍ പോകാന്‍ തയാറുള്ള 36 പേരുടെ പട്ടിക കോണ്‍സുലേറ്റ് തയാറാക്കി. ഇവര്‍ക്കു ലഭിക്കേണ്ട കുടിശിക, ഇവിടത്തെയും നാട്ടിലെയും വിവരങ്ങള്‍ എന്നിവ ശേഖരിച്ച കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എത്രയും വേഗം വീസ റദ്ദാക്കി നാട്ടിലേക്ക് അയയ്ക്കാമെന്നും അറിയിച്ചു. നാട്ടിലേക്കുള്ള ടിക്കറ്റും കോണ്‍സുലേറ്റ് നല്‍കും.
Post Your Comments