കൊച്ചി: കൊച്ചി സര്‍വ്വകലാശാലയില്‍ തദ്ദേശീയമായി രൂപകല്പന ചെയ്ത സ്ട്രാറ്റോസ്ഫിയര്‍ – ട്രോപ്പോസ്ഫിയര്‍ കാലാവസ്ഥാ റഡാര്‍ പ്രധാനമന്ത്രിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ ഉള്‍പ്പെടും. ന്യൂദല്‍ഹിയില്‍ നടന്ന നിതി ആയോഗ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. കണ്ടുപിടുത്തങ്ങള്‍ പ്രോത്സാഹിപ്പിക്കുക, നൈപുണ്യശേഷി വര്‍ദ്ധിപ്പിക്കുക, തദ്ദേശീയമായ ഭൗതിക സ്വത്തവകാശം സംരക്ഷിക്കുക, നിക്ഷേപങ്ങള്‍ക്ക് അവസരം ഒരുക്കുക, രാജ്യത്തെ നിര്‍മ്മാണ അടിസ്ഥാനസൗകര്യങ്ങള്‍ മേന്മയുറ്റതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയിലേക്കുള്ള കുസാറ്റ് റഡാറിന്റെ കടന്നുവരവ് ഗവേഷണ മേഖലയ്ക്ക് വന്‍നേട്ടമാകുമെന്ന് റഡാര്‍ കേന്ദ്രം ഡയറക്ടര്‍ കെ.മോഹന്‍കുമാര്‍ പറഞ്ഞു.
കൊച്ചി സര്‍വ്വകലാശാലയില്‍ 205 മെഗാ ഹെര്‍ട്സില്‍ പ്രവര്‍ത്തിക്കുന്ന കാലാവസ്ഥാ റഡാര്‍ അന്തരീക്ഷത്തില്‍ 20 കിലോമീറ്റര്‍ ഉയരത്തില്‍വരെ ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്താന്‍ പര്യാപ്തമാണ്.
നിതി ആയോഗ് അംഗം ഡോ. വി.കെ. സാരസ്വത് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു.നിതി ആയോഗ് അംഗങ്ങള്‍ക്ക് പുറമെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ഭൗമ മന്ത്രാലയം, ഐ.എസ്.ആര്.ഒ, വ്യോമസേന, ബഹിരാകാശ വകുപ്പ് തുടങ്ങിയവയുടെ ഉന്നത ഉദ്യോഗസ്ഥരും കുസാറ്റ് റഡാറിനെ പ്രതിനിധീകരിച്ച് പ്രോജക്ട് ഡയറക്ടര്‍, ഡോ.പി. മോഹനന്, ഡോ. എം.ജി മനോജ്, ടിറ്റു കെ. സാംസണ് എന്നിവരും പങ്കെടുത്തു.
Post Your Comments