Latest NewsIndiaInternational

ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ ഉള്ളത് 22 ഇന്ത്യക്കാർ: സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പൽ

ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തിനിരയായ ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന. ഗൾഫ് ഓഫ് ഏദനിൽ വച്ചുണ്ടായ ആക്രമണത്തിൽ തീപിടിച്ച ‘മാർലിൻ ലുവാണ്ട’ എണ്ണക്കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പല്‍ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തി. കപ്പലില്‍ 22 ഇന്ത്യക്കാരും ഒരു ബംഗ്ലദേശ് സ്വദേശിയുമുള്ളതായി നാവിക സേന അറിയിച്ചു.

അതേസമയം, സഹായത്തിനായി ഇന്ത്യയുടെ പടക്കപ്പൽ പുറപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയുടെ മിസൈൽ നശീകരണ ശേഷിയുള്ള പടക്കപ്പൽ ഐഎന്‍എസ് വിശാഖപട്ടണം അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സഹായവുമായി നീങ്ങിയതെന്ന് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു.

മിസൈൽ ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലും ഇന്ത്യന്‍ നാവിക സേനാ കപ്പൽ പങ്കാളികളായി. ചരക്കു കപ്പലുകള്‍ സംരക്ഷിക്കാനും കടലിലെ സുരക്ഷ ഉറപ്പാക്കാനും ഇന്ത്യന്‍ നാവിക സേന പ്രതിജ്ഞാബദ്ധമാണെന്ന് നേവി അറിയിച്ചു. യെമനിലെ ഹൂതികളാണ് കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇസ്രയേൽ – ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് സേനാ മേധാവി നിര്‍ദേശം നൽകിയിട്ടുണ്ട്.

ജനുവരി 18ന് ഗള്‍ഫ് ഓഫ് ഏദനിൽ മറ്റൊരു ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമുണ്ടായിരുന്നു. ഇന്ത്യക്കാര്‍ ജീവനക്കാരായി ഉണ്ടായിരുന്ന ഈ കപ്പലിൽ നിന്നുള്ള സഹായ അഭ്യര്‍ത്ഥന ലഭിച്ചതിനെ തുടര്‍ന്ന് ഐ.എന്‍.എസ് വിശാഖപട്ടണം അടിയന്തിര സഹായവുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button