കൊല്‍ക്കത്ത: ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സ്വപ്നദീപ് കുണ്ടു (18) ആണ് മരിച്ചത്.
റാഗിംഗിനെ തുടര്‍ന്നാണ് സ്വപ്നദീപ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മരിക്കുന്നതിന് മുൻപ് താൻ സ്വവര്‍ഗാനുരാഗിയല്ലെന്ന് സ്വപ്നദീപ് ആവര്‍ത്തിച്ച് പറഞ്ഞതായി പൊലീസ് പറഞ്ഞു. ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം നഗ്നമായ നിലയിലാണ് കണ്ടെത്തിയത്.
ബാല്‍ക്കണിയില്‍ നിന്ന് വീഴുന്നതിന് മുൻപ് സ്വപ്നദീപ് സഹപാഠികളോടാണ് ‘ഞാൻ സ്വവര്‍ഗ്ഗാനുരാഗിയല്ല’ എന്ന് പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഈ കോളേജിലെ മുൻ വിദ്യാര്‍ത്ഥി സൗരഭ് ചൗധരിയെ കൊല്‍ക്കത്ത പൊലീസ് കസ്റ്റഡിയിലെടുത്തു.
സൗരഭ് 2022-ല്‍ ജാദവ്പൂര്‍ സര്‍വകലാശാലയില്‍ ഗണിതശാസ്ത്രത്തില്‍ എംഎസ്സി പൂര്‍ത്തിയാക്കിയിരുന്നുവെങ്കിലും ഇവിടത്തെ ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. ചോദ്യം ചെയ്യലില്‍ സ്വപ്നദീപിനെ റാഗിംഗ് ചെയ്തതായി സൗരഭ് ചൗധരി സമ്മതിച്ചിട്ടുണ്ട്. കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
സ്വപ്നദീപ് കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടിയത്. വലിയ ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ ഓടിയെത്തിയപ്പോള്‍ സ്വപ്നദീപ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഉടൻ തന്നെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെയോടെ മരിക്കുകയായിരുന്നു.
Post Your Comments