പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനോട് ഇന്നസെന്റ് എംപിയോടും പറഞ്ഞ വാക്കുകള്‍ സി.പി.ഐഎമ്മിനേയും പെരുമ്പാവൂര്‍ എംഎല്‍എ സാജു പോളിനേയും പ്രതിക്കൂട്ടിലാക്കുന്നു. ” സാജു പോള്‍ എംഎല്‍എ കള്ളനാ സാറേ, ഞാന്‍ സാജു പോളിന്റെ ഓഫീസില്‍ പലപ്രാവിശ്യം പോയി. എന്റെ കൊച്ചിന്റെ കാര്യം പറഞ്ഞു. എം.എല്‍.എ ഒന്നും ചെയ്തു തന്നില്ല. ഞാന്‍ പറഞ്ഞത് കേട്ടില്ല.’ – വി.എസിന് മുന്നില്‍ ജിഷയുടെ അമ്മ പൊട്ടിക്കരഞ്ഞു.
ജിഷയുടെ വീടിരിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് അംഗവും ഇടതുപക്ഷക്കാരനാണ്. പഞ്ചായത്ത് മെമ്പറോടും ജിഷയുടെ അമ്മ തങ്ങളുടെ ദുരവസ്ഥ ധരിപ്പിച്ചിരുന്നു. വീടില്ലാത്ത കാര്യം, കുടിവെള്ളം ഇല്ലാത്ത കാര്യം, സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന കാര്യം, ആരും കണ്ണു തുറന്നില്ല. അതായിരുന്നു ജിഷയുടെ അമ്മ വിഎസിനോട് പറഞ്ഞ പരാതി.
ജിഷ മരിച്ചപ്പോള്‍ ഓടിക്കൂടിയ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അവരുടെ ദുരവസ്ഥയ്ക്ക് നേരെ ഇതുവെര കണ്ണടച്ചു ഇരിക്കുകയായിരുന്നു എന്ന സത്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ലാത്ത നിരവധി ദരിദ്രരാണ് പെരിയാര്‍ വാലി ഹൈലെവല്‍ കനാലിന്റെ ഇരുകരകളിലേയും പുറമ്പോക്കില്‍ മാടം കെട്ടി താമസിക്കുന്നത്. ഇവര്‍ക്ക് അടച്ചുറപ്പുള്ള വീട് നല്‍കണമെന്നും അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കണമെന്നും സാജു പോള്‍ എംഎല്‍എയോട് പലപ്രാവിശ്യം പുറമ്പോക്കില്‍ താമസിക്കുന്നവര്‍ ആവശ്യപ്പെട്ടിരുന്നു. ഇവരുടെ പരിദേവനങ്ങള്‍ക്ക് ചെവി കൊടുക്കാത്ത സാജു പോള്‍ പക്ഷെ മറ്റൊരു നിവേദനത്തില്‍ ഒപ്പിട്ടതും ഇവര്‍ കണ്ടു.
അരൂര്‍ കായലില്‍ നിയമം ലംഘിച്ച് നിര്‍മിച്ച ടൂറിസ്റ്റ് റിസോര്‍ട്ട് പൊളിച്ചു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിട്ടപ്പോള്‍ അത് പൊളിച്ചു മാറ്റരുതെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ട് ഉടമ തയ്യാറാക്കിയ നിവേദനത്തില്‍ ഒപ്പിട്ട അഞ്ച് എംഎല്‍എമാരില്‍ ഒന്നാം പേരുകാരനായിരുന്നു സാജു പോള്‍. സ്വന്തം മണ്ഡലത്തിലെ പട്ടിണിപ്പാവങ്ങളിടേയും ഭവന രഹിതരുടേയും കാര്യത്തില്‍ എംഎല്‍എ ചെയ്യേണ്ട ഉത്തരവാദിത്വം സാജു പോള്‍ നിര്‍വഹിക്കാത്തതിനാലാണ് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ജിഷയുടെ അമ്മയില്‍ നിന്ന് ഈ പരാതി കേള്‍ക്കേണ്ടി വന്നത്.
ദലിതുകളേയും ഭവനരഹിതരേയും ദുര്‍ബലരേയും അവഗണിച്ച സി.പി.ഐഎമ്മിനും എം.എല്‍.എയ്ക്കും നേരെ ഉയരുന്ന ഒരു ചോദ്യചിഹ്നം കൂടിയാണ് ജിഷയുടെ കൊലപാതകം. വീഡിയോ കാണാം …
Post Your Comments