KeralaLatest News

‘എനിക്കു വിശക്കുന്നു’, ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി

ആലുവ: ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂർ. പട്ടിണി മാറ്റാൻ ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ആണ് രാജേശ്വരി റൂറൽ എസ്പിയെ കാണാൻ പെരുമ്പാവൂരിൽ നിന്ന് ആലുവയിൽ എത്തിയത്. പിന്നാലെ രണ്ടര മണിക്കൂർ പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചു. ഒടുവിൽ പിങ്ക് പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചു പെരുമ്പാവൂരിലേക്കുള്ള ബസ് സ്റ്റോപ്പിൽ എത്തിച്ചു. 2016 ഏപ്രിൽ 28നു കുറുപ്പംപടിയിൽ കൊല്ലപ്പെട്ട നിയമ വിദ്യാർഥിനിയുടെ അമ്മയാണു രാജേശ്വരി. അക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പിലും പിന്നീടും രാജേശ്വരി വാർത്തകളിൽ നിറഞ്ഞിരുന്നു.

‘എനിക്കു വിശക്കുന്നു. പട്ടിണിയാണ്. എന്നെ ഏറ്റെടുക്കുന്നുവെന്നു പ്രഖ്യാപിച്ച സർക്കാർ തിരിഞ്ഞു നോക്കുന്നില്ല. ട്രാഫിക് വാർഡന്റെ ജോലി എനിക്കിഷ്ടമാണ്. എസ്പി അടക്കമുള്ളവർക്കു സന്മനസ്സ് ഉണ്ടെങ്കിൽ തരട്ടെ. ദിവസം ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കണ്ടേ? ഞാനൊരു മനുഷ്യ സ്ത്രീയല്ലേ? എനിക്കുമില്ലേ വിശപ്പും ദാഹവും?’–രാജേശ്വരി പറയുന്നു.

രാവിലെ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം 9.30നാണു പാലസ് റോഡിൽ മുനിസിപ്പൽ റെസ്റ്റ് ഹൗസിനു മുന്നിൽ എത്തി രാജേശ്വരി വാഹനങ്ങൾ നിയന്ത്രിച്ചത്. 12 വരെ അതു തുടർന്നു. തോളിൽ ബാഗ് തൂക്കിയ ഒരു സ്ത്രീ പതിവില്ലാതെ നടുറോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതു പലരും ശ്രദ്ധിച്ചിരുന്നു. ചുരുക്കം ചിലർ രാജേശ്വരിയെ തിരിച്ചറിഞ്ഞു.

‘വർഷങ്ങളായി ജോലിയില്ല. വീട്ടുജോലിക്കും കടവരാന്തകൾ അടിച്ചുവാരാനും പോയിരുന്നു. ഹോം നഴ്സായും ജോലി ചെയ്തു. ഒരു ജോലിയും അധികം ദിവസം കിട്ടില്ല. കയ്യിൽ കാശൊന്നുമില്ല. മൂത്ത മകളും ഭർത്താവും വേറെയാണ് താമസം. സർക്കാർ പണിതു നൽകിയ വീട് ഇടിഞ്ഞു വീഴാറായി. ശുചിമുറി നിലംപൊത്തി’–രാജേശ്വരി പിന്നെയും തുടർന്നു.

മകൾ കൊല്ലപ്പെട്ടതു വലിയ വാർത്തയായതോടെ രാജേശ്വരിക്കു വിവിധ കേന്ദ്രങ്ങളിൽ നിന്നു സാമ്പത്തിക സഹായം ലഭിച്ചിരുന്നു. കലക്ടറുടെയും രാജേശ്വരിയുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും നിക്ഷേപവും ഉണ്ടായിരുന്നു. മൂത്ത മകൾക്കു റവന്യു വകുപ്പിൽ ജോലി നൽകി. അക്കൗണ്ടിൽ ഉണ്ടായിരുന്ന പണമെല്ലാം തീർന്നുവെന്നും അന്നു തങ്ങളുടെ പേരിൽ പിരിച്ച തുക പലരും തന്നില്ലെന്നും രാജേശ്വരി പരാതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button