മധ്യപ്രദേശ്: മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റ ട്രാക്കിംഗ് സംഘത്തിന് മര്‍ദ്ദനം. ശിവപുരി ജില്ലയിലെ ഒരു കൂട്ടം ഗ്രാമവാസികളാണ് സംഘത്തെ ആക്രമിച്ചത്. കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു സംഘത്തെ ഗ്രാമവാസികൾ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഒരു വനം വകുപ്പ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
സംരക്ഷിത മേഖലയിൽ നിന്ന് മാറിയ ആശ എന്ന പെൺ ചീറ്റയെ കണ്ടെത്തുന്നതിനാണ് നാലംഗ സംഘം പൊഹാരി മേഖലയിലെ ബുരാഖേഡ ഗ്രാമത്തിന് സമീപമുള്ള വനത്തിൽ എത്തിയത്. എന്നാൽ, പുലർച്ചെ 4 മണിയോടെ ഇവരുടെ സാന്നിധ്യം മനസിലാക്കിയ ഗ്രാമവാസികൾ സംഘത്തെ തടയുകയും ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരാണെന്നും ചീറ്റയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പറഞ്ഞിട്ടും ഇവർ മർദ്ദനം തുടരുകയായിരുന്നു എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊള്ളക്കാരെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. വനപാലകനായ പവൻ അഗർവാളിന് ആണ് പരിക്കേറ്റത്. ആക്രമണത്തിൽ വനംവകുപ്പിന്റെ വാഹനവും തകർന്നു. വനപാലകർ കുനോ നാഷണൽ പാർക്ക് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് രണ്ടാമത്തെ സംഘം എത്തിയാണ് ഗ്രാമവാസികളെ ശാന്തരാക്കിയത്.
Post Your Comments