തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപ്പറേഷനെ നിയമിച്ചു. പുതിയതായി നിർമ്മിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമ്മാണവുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് കെ റെയിൽ കോർപ്പറേഷനു നൽകാൻ കെഎസ്ആർടിസി ബോർഡ് യോഗം തീരുമാനിച്ചിട്ടുള്ളത്.
നിലവിൽ ബസ് സ്റ്റാൻഡുകളിലെ ഷോപ്പിങ് കോംപ്ലക്സുകളുടെ ചുമതല എച്ച്എൽഎല്ലിനാണ്. കൂടുതൽ മത്സരം ഉണ്ടാകാനാണ് കെ റെയിൽ കോർപ്പറേഷനെ നിയമിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി.
സിൽവർലൈൻ നിർമ്മാണം ആരംഭിക്കാനാകാത്ത സാഹചര്യത്തിലാണു കോർപ്പറേഷൻ മറ്റു ജോലികള്‍ ഏറ്റെടുക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ സിൽവർലൈൻ സംബന്ധിച്ച പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സർവ്വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്ക് മാറ്റിയിരുന്നു.
വിവിധ സ്ഥലങ്ങളിൽ പുതിയ ഷോപ്പിങ് കോംപ്ലക്സുകളുടെയും ടെർമിനലുകളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ ആലോചിക്കുന്നുണ്ട്. ചിലത് നിർമ്മാണ ഘട്ടത്തിലാണ് ഇതിന്റെ വിവരങ്ങൾ കെ റെയിൽ കോർപറേഷനു കൈമാറുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ഇത് സംബന്ധിച്ച് ഉടനെ കരാറിൽ ഒപ്പിടുമെന്ന് കെ റെയിൽ അധികൃതർ പറഞ്ഞു.
Post Your Comments