NewsIndia

ഛത്തീസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മാവോവാദികളുടെ വെടിയേറ്റ് മലയാളി മരിച്ചു. പാലക്കാട് തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി ശ്രീകുമാര്‍ നായര്‍ (62) ആണ് മരിച്ചത്. ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവോണ്‍ ജില്ലയില്‍ പല്ലെമാഡി ഗ്രാമത്തിലെ സര്‍ദ എന്ന സ്വകാര്യ ഇരുമ്പ് ഖനയിലേക്ക് മാവോവാദികള്‍ ആക്രമണം നടത്തുകയായിരുന്നു. ഖനിയുടെ മാനേജറാണ് കൊല്ലപ്പെട്ട ശ്രീകുമാര്‍ നായര്‍. ആക്രമണത്തിന് ശേഷം മാവോവാദികള്‍ ആറ് വാഹനങ്ങളും കത്തിച്ചു.

സംഘമായി എത്തിയ മാവോവാദികള്‍ ശ്രീകുമാര്‍ ജോലിചെയ്യുന്ന കമ്പനിയിലേക്ക് അതിക്രമിച്ചുകയറി ജനറല്‍മാനേജരെ കാണണമെന്നാവശ്യപ്പെട്ടു. സംഘത്തിന്റെ ലക്ഷ്യം ജനറല്‍ മാനേജറായിരുന്നു. എന്നാല്‍ ഏതാനും മിനിറ്റുകള്‍ക്ക് മുന്‍പ് ജനറല്‍ മാനേജര്‍ കമ്പനിയില്‍ നിന്ന് പുറത്ത് പോയിരുന്നു. അദ്ദേഹം ഇല്ലെന്നറിഞ്ഞപ്പോള്‍ ശ്രീകുമാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.

ഛത്തീസ്ഗഢിലെ പ്രാദേശിക ചാനലില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് കുടുംബാംഗങ്ങള്‍ സംഭവമറിയുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കമ്പനിയിലേക്ക് അതിക്രമിച്ച് കയറിയത്. പോലീസ് തീവ്രവാദികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തിരുവേഗപ്പുറ ചെമ്പ്ര പേങ്ങാട്ടിരിയില്‍ പരേതരായ രാരുനായരുടെയും കുഞ്ഞുലക്ഷിയമ്മയുടെയും മകനാണ് ശ്രീകുമാര്‍. വര്‍ഷങ്ങളായി റായ്പ്പൂരിലാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button