KeralaLatest NewsIndia

ഛത്തിസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണത്തിൽ ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച മലയാളിയായ സിആർപിഎഫ് ജവാൻ ആർ വിഷ്ണു(35)വിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഉച്ചയോടെ തിരുവനന്തപുരം പാലോട്ടെ വീട്ടിലെത്തും. വിഷ്ണുവും ഉത്തർപ്രദേശ് സ്വദേശി ശൈലേന്ദ്രയും (29) കുഴിബോംബ് പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത്.

വിഷ്ണുവിന്‍റെ വീടിന്‍റെ ഗൃഹപ്രവേശം കഴിഞ്ഞിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. അടുത്ത മാസം 15ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സൈന്യത്തിൽ 10 വർഷത്തെ സേവനം പൂർത്തിയാക്കിയിട്ടുണ്ട് വിഷ്ണു. കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കുന്നതിനിടെ റേഞ്ച് ഇല്ലാത്തതിനാൽ ഫോണ്‍ കട്ടായെന്ന് വിഷ്ണുവിന്‍റെ സഹോദരൻ പറഞ്ഞു. പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വെച്ചതാണ്. അതിനു ശേഷമറിയുന്നത് മരണ വാർത്തയാണെന്ന് സഹോദരൻ പറഞ്ഞു.

വിഷ്ണു ഓടിച്ചിരുന്ന ട്രക്ക് കുഴിബോംബ് പൊട്ടിത്തെറിച്ച് തകരുകയായിരുന്നു. സുഖ്മ ജില്ലയിൽ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ആക്രമണം നടന്നത്. സിൽഗർ സേനാ ക്യാമ്പിൽ നിന്നും ടേക്കൽഗുഡാമിലെ ക്യാമ്പിലേക്ക് പോകുകയായിരുന്ന ട്രക്കിൽ വിഷ്ണുവിനൊപ്പം ശൈലേന്ദ്രയുമുണ്ടായിരുന്നു. ഇരുവരും സി ആർ പി എഫ് കോബ്ര ബറ്റാലിയനിലെ ജവാന്മാരാണ്.

ആക്രമണം നടത്തിയ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് സി ആർ പി എഫ് അറിയിച്ചു. അഞ്ച് ദിവസം മുമ്പ് സുഖ്മയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. മാവോയിസ്റ്റുകളുടെ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിന്നാലെയാണ് ട്രക്ക് ലക്ഷ്യമിട്ട് കുഴിബോംബ് ആക്രമണമുണ്ടായത്. നടപടികൾ പൂർത്തിയാക്കി ജവാന്മാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ സി ആർ പി എഫ് നടപടി തുടങ്ങി. നാടിനാകെ പ്രിയങ്കരനായിരുന്ന വിഷ്ണുവിന്‍റെ വിയോഗം ഒരു പ്രദേശത്തെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

പാലോട് ഫാം ജംഗ്ഷൻ അനിഴം ഹൗസിൽ രഘുവരന്റേയും അജിതയുടേയും മകനാണ് വിഷ്ണു.ഭാര്യ നിഖില ശ്രീചിത്രാ ആശുപത്രിയിൽ നഴ്സാണ്. നിർദ്ദേവ്, നിർവ്വിൻ എന്നീ രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button