Latest NewsKerala

ചെലവാക്കാതെ പരസ്യത്തിനായി നീക്കിവെച്ച 12 ലക്ഷം ആർക്ക് നൽകണമെന്ന് സോഷ്യൽ മീഡിയയോട് ചോദിച്ച് ഷെഫ് സുരേഷ് പിള്ള

കൊച്ചി: പരസ്യം ചെയ്യാതെ തന്നെ ഷെഫ് പിള്ളയ്ക്ക് വലിയ പ്രചാരം ലഭിച്ചതിനാല്‍ പരസ്യത്തിനായി മാറ്റിവെച്ച തുക ചെലവാക്കിയില്ലെന്നും ഈ നീക്കിയിരുപ്പ് ലാഭത്തിലേക്ക് ചേർക്കാൻ മനസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നതായി അദ്ദേഹം പറഞ്ഞു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടൻ തന്നെ അർഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

പ്രിയപ്പെട്ടവരെ,
എന്റെ പാചകരഹസ്യം ഇത്രയേയുള്ളു- കറിയിലേക്ക് സ്നേഹം ചാലിച്ച് ചേരുവകൾ ഞാൻ അങ്ങോട്ടു കൊടുക്കും. മനോഹരമായ രുചിയായി എനിക്കത് തിരികെ തരും.
കൊടുക്കൽ വാങ്ങലാണ് എല്ലാം. പാചകം മാത്രമല്ല, ജീവിതവും.
അത്തരമൊരു കൊടുക്കൽ തീരുമാനം നിങ്ങളെ അറിയിക്കാനും നിങ്ങളുടെ ഉപദേശം തേടാനുമാണ് ഈ കുറിപ്പ്. നിങ്ങളാണ് എന്നെ നയിക്കുന്നത്, നയിക്കേണ്ടതും എന്നു ഞാൻ കരുതുന്നു.

ചേരുവ കിട്ടുമ്പോൾ, പകരം രുചി തിരികെ തരുന്ന വിഭവങ്ങൾ പോലെ, ഒരു തിരിച്ചു നൽകലാണിപ്പോൾ എന്റെ മനസ്സിൽ.
ഷെഫ് പിള്ള റസ്റ്ററന്റ് തുടങ്ങുന്ന സമയത്ത് സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ പരസ്യത്തിനായി മാസം ഒരു ലക്ഷം രൂപയാണ് ഞാൻ നീക്കി വച്ചിരുന്നത്. എന്നാൽ അതിൽ ഒരു രൂപ പോലും ഇതു വരെ മാർക്കറ്റിങിനായി ചെലവഴിക്കേണ്ടി വന്നില്ല. ഞാൻ പ്രതീക്ഷിച്ചതിലപ്പുറം പിന്തുണയും പ്രചാരവും നിങ്ങൾ എനിക്കു നൽകി. എന്റെ ഒഴിവു സമയവും തുറന്ന മനസുമായിരുന്നു എന്റെ പോസ്റ്റുകളുടെ രുചിക്കൂട്ട്. ഞാൻ പ്രതീക്ഷിച്ചതിലുമപ്പുറം പ്രചാരം എനിക്ക് നിങ്ങൾ സോഷ്യൽ മീഡിയ വഴി തന്നു.

റസ്റ്ററന്റ് തുടങ്ങിയിട്ട് 9 മാസമായി , 2021നവംബർ 1 മുതൽ 2022 ഒക്ടോബർ 1 വരെയുള്ള ഒരു വർഷത്തേക്ക് കരുതിവച്ച 12 ലക്ഷം രൂപ ഇതുവരെ തൊടേണ്ടി വന്നില്ല. ഈ നീക്കിയിരുപ്പ് എനിക്ക് ലാഭത്തിലേക്ക് ചേർക്കാം. പക്ഷേ, അതിനു മനസ് അനുവദിക്കുന്നില്ല. പകരം ആ 12 ലക്ഷം രൂപ സമൂഹത്തിന് തിരിച്ചു കൊടുക്കണമെന്ന് മനസു ശക്തമായി പറയുന്നു. ഇനിയും 3 മാസം കൂടിയുണ്ട് ഒക്ടോബറിലേക്ക് എത്താനായി. എന്നാലും അത് ഉടൻ തന്നെ അർഹരിലേക്ക് എത്തിക്കണമെന്നാണ് ആഗ്രഹം.

ഫെയ്സ്ബുക് വഴിയാണ് നമ്മൾ സംവദിച്ചത്. അതിലൂടെ തന്നെ നിങ്ങൾ എന്നോടു പറയൂ, ഞാൻ ആ പണം സമൂഹത്തിന് എങ്ങനെ തിരിച്ചു നൽകണമെന്ന്.
സാമ്പത്തിക പ്രതിസന്ധിയിൽ പഠനം പാതിവഴിയിലായൊരു കുട്ടി, അല്ലെങ്കിൽ മക്കളുടെ ജീവൻ രക്ഷാ മരുന്നുകൾ മുടങ്ങിയൊരച്ഛൻ, കുടുംബത്തിന്റെ ഭാരം താങ്ങുന്ന വിങ്ങുന്ന മനസ്സുള്ളൊരമ്മ.. അങ്ങനെയൊക്കെയുള്ള മുഖങ്ങളാണ് എന്റെ മനസ്സിന്റെ ഫെയ്സ്ബുക് താളിൽ തെളിയുന്നത്.
അതോ ഇതൊന്നുമല്ലാതെ മറ്റെന്തെങ്കിലും നിർദേശം നിങ്ങളുടെ മനസിലുണ്ടോ ?
ഇനി നിങ്ങൾ പറയൂ… എന്തിനു വേണ്ടിയാണ് ഈ പണം ഞാൻ വിനിയോഗിക്കേണ്ടത്. ?
കാലം എന്നോട് കാണിച്ച കരുണയെ നന്ദിയോടെ സ്മരിച്ചു കൊണ്ട്, അടുത്ത വർഷം ഇതിൽ കൂടൂതൽ തിരിച്ചു നൽകുവാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ…
നിങ്ങളുടെ സ്വന്തം
ഷെഫ് പിള്ള ??
19 – 07 – 2022

shortlink

Related Articles

Post Your Comments

Related Articles


Back to top button