ആലുവ: ശിവരാത്രി മണപ്പുറത്ത് കച്ചവടക്കാരുടെ തമ്മിലടിക്കിടെ കച്ചവടക്കാരന്റെ സഹായി മരക്കമ്പിനടിയേറ്റ് മരിച്ചു. വടുതലയിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ദിലീപ് (45) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആലുവ ഓൾഡ് ദേശം റോഡിലെ മാളിയേക്കൽ സലിം (57), കടവന്ത്ര ഉദയ്നഗർ കോളനിയിൽ താമസിക്കുന്ന രാജ്കുമാർ (രാജു-68) എന്നിവരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ചയാളും പ്രതികളും തമിഴ്നാട് സ്വദേശികളാണ്.
Read Also : പഞ്ചസാരയ്ക്കായി സൂപ്പർമാർക്കറ്റുകളിൽ പിടിവലി: റഷ്യക്ക് തിരിച്ചടിയായി യുക്രൈൻ യുദ്ധം?
ചൊവ്വാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. മണപ്പുറത്ത് കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്റ്റാൾ നടത്തുന്ന സലീമിന്റെ സഹായികളായിരുന്നു രാജ്കുമാറും കൊല്ലപ്പെട്ട ദിലീപും. മദ്യപാനത്തിനിടെ മൂവരും തമ്മിലുണ്ടായ തർക്കത്തിനിടെ രാജ് കുമാറിനെ ദിലീപ് മർദിച്ചതായി പറയുന്നു. ഇതിൽ സലിം ഇടപെടുകയും രണ്ടുപേരും ചേർന്ന് ദിലീപിനെ മരകൊമ്പ് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. ദിലീപും രാജ്കുമാറും ബന്ധുക്കളാണ്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവശനിലയിലായിരുന്ന ദിലീപിനെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments