മാൾഡ: പശ്ചിമ ബംഗാളിൽ കുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ 18 കാരിയായ അമ്മ ബോർഡ് പരീക്ഷ എഴുതി. അഞ്ജര ഖാത്തൂൺ എന്ന യുവതിയാണ്, പെൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ പശ്ചിമ ബംഗാൾ മധ്യമിക് ബോർഡ് പരീക്ഷയിൽ പങ്കെടുത്തത്. തിങ്കളാഴ്ച രാവിലെ മാൾഡ ജില്ലയിലെ ഹരിശ്ചന്ദ്രപൂരിലെ നാനാറായി ഗ്രാമത്തിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിയുടെ ആവശ്യം മാനിച്ച്, ജില്ലാ ഭരണകൂടം പ്രാദേശിക ആശുപത്രിയിൽ പരീക്ഷ നടത്താൻ ക്രമീകരണങ്ങൾ ഒരുക്കി.
ആശുപത്രി അധികൃതരും ഭരണകൂടവും പിന്തുണച്ചതോടെയാണ്, പെൺകുഞ്ഞിന് ജന്മം നൽകി അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ പെൺകുട്ടി പരീക്ഷയ്ക്ക് ഹാജരായത്. വിദ്യാർത്ഥിനിയുടെ അപേക്ഷയിൽ ജില്ലാ ഭരണകൂടം ആശുപത്രിയെ പരീക്ഷാ കേന്ദ്രമാക്കി പുനർനിശ്ചയിക്കുകയായിരുന്നു.
അഞ്ജര ഖാത്തൂൺ ഹരിശ്ചന്ദ്രപൂർ കിരൺബാല ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്. ഹരിശ്ചന്ദ്രപൂർ ഹൈസ്കൂൾ ആയിരുന്നു പെൺകുട്ടിയ്ക്ക് നിശ്ചയിച്ചിരുന്ന പരീക്ഷാ കേന്ദ്രം. എന്നാൽ, തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ ഹരിശ്ചന്ദ്രപൂർ റൂറൽ ആശുപത്രിയിൽ വെച്ച് അഞ്ജര ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
Post Your Comments