കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തില്‍ 50 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ രണ്ട് പേര്‍ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റുമാരും ഉള്‍പ്പെടുന്നു. കാഞ്ചന്‍ജംഗ എക്സ്പ്രസിലെ ഗാര്‍ഡും അപകടത്തില്‍ മരിച്ചു.
ട്രെയിനിന്റെ പിന്നില്‍ വന്ന് ഗുഡ്സ് ട്രെയിന്‍ ഇടിക്കുകയായിരുന്നു. രംഗപാണി റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്ന് പശ്ചിമ ബംഗാളിലെ സെല്‍ഡയിലേക്ക് സര്‍വീസ് നടത്തുന്ന 13174 കാഞ്ചന്‍ജംഗ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിന്‍ സിഗ്‌നല്‍ മറികടന്ന് പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സേന, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ട്രെയിന്‍ അപകടം ഞെട്ടിക്കുന്നതാണെന്നും മരിച്ചവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു തുടങ്ങിയവര്‍ അപകടത്തില്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും അടിയന്തര സഹായം നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Post Your Comments