കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതി നേരത്തെയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയിരുന്നതായും വിവരമുണ്ട്. ഇതുസംബന്ധിച്ചെല്ലാം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
കൊല്‍ക്കത്ത പോലീസില്‍ സിവില്‍ വോളന്റിയറായി ജോലി ചെയ്തുവരികയായിരുന്നു റോയ് . ട്രാഫിക് നിയന്ത്രണവും ദുരന്ത നിവാരണവും ഉള്‍പ്പെടെയുള്ളവയില്‍ പോലീസുകാരെ സഹായിക്കാന്‍ റിക്രൂട്ട് ചെയ്യുന്ന കരാര്‍ ജീവനക്കാരാണ് സിവിക് വോളന്റിയര്‍മാര്‍. പ്രതിമാസം 12,000 രൂപയോളം ശമ്പളം ലഭിക്കുന്ന ഈ വോളന്റിയര്‍മാര്‍ക്ക് സാധാരണ പോലീസുകാര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളോ ആനുകൂല്യങ്ങളോ ലഭിക്കില്ല.
2019ല്‍ കൊല്‍ക്കത്ത പോലീസിന്റെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പില്‍ സന്നദ്ധപ്രവര്‍ത്തകനായി റോയ് ചേര്‍ന്നെങ്കിലും പിന്നീട് പോലീസ് വെല്‍ഫെയര്‍ സെല്ലിലേക്ക് മാറുകയായിരുന്നു. തുടര്‍ന്ന് ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോലീസ് ഔട്ട്പോസ്റ്റിലേക്ക് ഡ്യൂട്ടി മാറി. പോലീസുകാരനല്ലെങ്കിലും ഇയാള്‍ കെപി (കൊല്‍ക്കത്ത പോലീസ്) എന്ന് എഴുതിയ ടീ ഷര്‍ട്ടാണ് പലപ്പോഴും ധരിച്ചിരുന്നത്. ഇയാളുടെ ബൈക്കിലും കെപി എന്ന ടാഗ് പതിപ്പിച്ചിരുന്നു.
പ്രാദേശിക മാദ്ധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പോലീസ് ചോദ്യം ചെയ്യാന്‍ തുടങ്ങിയ ഉടന്‍ തന്നെ റോയി കുറ്റം സമ്മതിച്ചു. യാതൊരു പശ്ചാത്താപവും അയാള്‍ കാണിച്ചില്ല, ”വേണമെങ്കില്‍ എന്നെ തൂക്കിക്കൊല്ലൂ” എന്ന് അയാള്‍ നിര്‍വികാരമായി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments