തിരുവനന്തപുരം : സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ പുസ്തകം എഴുതിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജനക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ശിവശങ്കറിന്റെ പുസ്തകത്തിന് അനുമതിയുണ്ടോ എന്നത് സാങ്കേതികം മാത്രമാണ്. സ്വന്തം അനുഭവം ശിവശങ്കര്‍ പുസ്തകത്തില്‍ പങ്കുവയ്ക്കുന്നതില്‍ തെറ്റുകാണാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
‘പുസ്തകത്തില്‍, സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്കും അന്വേഷണ ഏജന്‍സികള്‍ക്കും എതിരെ ശക്തമായ ആരോപണങ്ങളാണ് ശിവശങ്കര്‍ ഉന്നയിച്ചത്. അന്വേഷണ ഏജന്‍സികളും മാദ്ധ്യമ ലോകവും ചേര്‍ന്ന് ചില പരിപാടികള്‍ നടന്നിട്ടുണ്ട്. ശിവശങ്കറിന്റെ പുസ്തകത്തിലെ ഉള്ളടക്കം വേദനിപ്പിച്ചവരുടെ പ്രതികരണം സ്വാഭാവികമാണ്. പുസ്തകത്തില്‍ വിമര്‍ശനത്തിനിരയായവര്‍ക്ക് പ്രത്യേകതരം പക ഉണ്ടായിരിക്കാം’, മുഖ്യമന്ത്രി പറഞ്ഞു.
‘സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കേസ് പൊലീസിന്റെ അന്വേഷണത്തിലാണ്. അന്വേഷണത്തില്‍ ഒരു വീഴ്ചയും ഉണ്ടാവില്ല. ആരുടെയും പക്ഷം പിടിച്ചല്ല, ന്യായാന്യായങ്ങള്‍ നോക്കിയാണ് അന്വേഷണം’, മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Post Your Comments