നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഴുക്കിൽ കുളിച്ചു നിൽക്കുന്നുവെന്ന് ബിജെപി നേതാവ് ഡോ.കെഎസ് രാധാകൃഷ്ണൻ. ഇടപാടുകളുടെ ഇടനിലക്കാരൻ ഭയങ്കരൻ ആണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം…..
സ്വപ്ന സാക്ഷി മാത്രമാണ് ജഡ്ജിയല്ല; മുഖ്യമന്ത്രിയുടെ കോൺസൽ ജനറലുമായുള്ള ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു ശിവശങ്കരൻ.
മുഖ്യമന്ത്രി അങ്ങ് അഴുക്കിൽ കുളിച്ചു നിൽക്കുന്നു. സ്വയം കഴുകി ശുദ്ധനാകുക. യു എ ഇ കോൺസുലേറ്റ് സ്വർണ്ണക്കടത്തിൽ നിന്നും അങ്ങേയ്ക്ക് തടിയൂരാനാകില്ല. അങ്ങയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ യു എ ഇ കോൺസലിന് അങ്ങയുമായി ബന്ധപ്പെടാനുള്ള കണ്ണിയായി നിയമിച്ചത് അങ്ങ് തന്നെ. കോൺസൽ ജനറലും ആയി ചർച്ച ചെയ്തായിരുന്നു തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ കോൺസൽ ജനറലുമായുള്ള ഇടപാടുകളിലെ ഇടനിലക്കാരനായിരുന്നു ശിവശങ്കരൻ.
ശിവശങ്കരൻ കസ്റ്റംസിനെ സ്വാധീനിച്ചു കൊണ്ട് കള്ളക്കടത്ത് സ്വർണ്ണം അടങ്ങുന്ന ഭാണ്ഡങ്ങൾ പുറത്തു കടത്താൻ അറിഞ്ഞുകൊണ്ട് സഹായിച്ചുകൊണ്ടിരുന്നു. കോൺസൽ ജനറലിന്റെ ഭാഗത്തുനിന്നുള്ള ഇടനിലക്കാരി സ്വപ്ന സുരേഷാണ് ഇക്കാര്യം വെളിവാക്കിയത്. ശിവശങ്കരൻ ഇതെല്ലാം ചെയ്തത് അങ്ങയുടെ അറിവും സമ്മതവുമില്ലാതെ ആയിരുന്നു എന്ന് വിശ്വസിക്കാൻ കഴിയില്ല. കാരണം, അങ്ങയുടെ ഇംഗിതമറിഞ്ഞു മാത്രം പ്രവർത്തിച്ചു കൊണ്ടിരുന്ന ആളാണ് ശിവശങ്കരൻ. അതുകൊണ്ട് ശിവശങ്കരന്റെ ചെയ്തിയുടെ ഉത്തരവാദിത്വത്തിൽനിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല.
കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് എതിരെ മുഖ്യമന്ത്രിയും പാർട്ടിയും പുകമറ സൃഷ്ടിച്ചതിന്റെ ഗുട്ടൻസും ഇപ്പോഴാണ് വെളിവായത്. മുഖ്യമന്ത്രിയെ അകാരണമായി കുടുക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രചാരണം. അന്വേഷണ ഏജൻസികൾ താങ്കളിലേക്ക് എത്തുമെന്ന ഘട്ടം വന്നപ്പോൾ സംസ്ഥാന പോലീസിനെ കൊണ്ട് കേന്ദ്ര അന്വേഷണങ്ങളെ തടയാനായി ശ്രമം. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഒരാളും തന്നിൽ സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്നും അതു സംബന്ധിച്ചു പ്രചരിപ്പിക്കപ്പെട്ട ശബ്ദരേഖ തന്റേതല്ലെന്നും ശിവശങ്കരൻ ഒപ്പിച്ചെടുത്തതാണ് അവയെന്നും സ്വപ്ന പറഞ്ഞുകഴിഞ്ഞു.
ഇനിയും അങ്ങ് വീണിടത്തു കിടന്ന് ഉരുളരുത്. അങ്ങയെ ന്യായീകരിച്ചു കൊണ്ടും കേന്ദ്ര ഏജൻസികളെ കുറ്റപ്പെടുത്തിക്കൊണ്ടും ശിവശങ്കരൻ എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഗുണഭോക്താവ് അങ്ങ് തന്നെയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് യാതൊരു പങ്കുമില്ലെന്ന് പറയാൻ കഴിയുമോ?
പുന്നെല്ലു കണ്ട എലിയെപ്പോലെയാണ് സ്വപ്നയുടെ വെളിപ്പെടുത്തലിൽ മുൻമന്ത്രി ജലീൽ ചിരിക്കുന്നത്. യു എ ഇ കോൺസുലേറ്റിൽ നിന്നും ഈന്തപ്പഴവും ഖുർആനും അങ്ങ് കൈപ്പറ്റി എന്ന് സ്വപ്ന പറയുന്നു. ജലീൽ നിരപരാധിയാണെന്നും സ്വപ്ന പറഞ്ഞിട്ടുണ്ട്. ഇതിലുള്ള അമിതാവേശം തണുക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ താങ്കളെ ഓർമ്മിപ്പിക്കട്ടെ. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ ഒരു വിദേശ രാജ്യത്തു നിന്നും സമ്മാനങ്ങൾ സ്വീകരിക്കാൻ സംസ്ഥാന മന്ത്രിക്ക് ചട്ടപ്രകാരം അധികാരമുണ്ടോ? ഇല്ലെങ്കിൽ ചട്ടലംഘനത്തിനുള്ള ശിക്ഷ അങ്ങയെ കാത്തിരിക്കുന്നു.
മാത്രമല്ല, ഈന്തപ്പഴവും ഖുർആനും അങ്ങയുടെ സമുദായാംഗങ്ങൾക്കിടയിലാണ് വിതരണം ചെയ്തത്. അത് യഥാർത്ഥത്തിൽ മതപ്രീണനമല്ലേ? ഇത്തരം മതപ്രീണനം നടത്തുന്നതിലൂടെ അങ്ങ് സത്യപ്രതിജ്ഞാലംഘനവും നടത്തിയില്ലേ? സ്വപ്ന സാക്ഷി മാത്രമാണ് ജഡ്ജിയല്ല. താങ്കളെ കുറ്റവിമുക്തനാക്കാൻ സ്വപ്നയ്ക്കല്ല നീതിന്യായ സംവിധാനത്തിനാണ് അധികാരം അത് മറക്കരുത്.
സ്പീക്കർ ശ്രീരാമകൃഷ്ണൻ ആത്മസഖാവാണ് എന്നാണ് സ്വപ്ന പറയുന്നത്. സ്വപ്ന അദ്ദേഹത്തിന് കുറ്റവിമുക്തിയും നൽകിയിട്ടുണ്ട്. എന്നാൽ കോൺസുലേറ്റ് ജനറലേറ്റിലെ ഇടനിലക്കാരിയുമായി ഒരു സ്പീക്കർക്ക് എന്താണ് ബന്ധമെന്ന ചോദ്യം അവശേഷിച്ചിരുന്നു. അതുകൊണ്ട് സ്വർണക്കടത്തുമായി ഇവർക്കെല്ലാം ഉള്ള ബന്ധം എന്താണെന്ന് അന്വേഷണത്തിലൂടെ പുറത്തുവരണം; തുടരന്വേഷണം ഇക്കാര്യത്തിൽ അനിവാര്യമായിരിക്കുന്നു.
ഇവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അത് മറക്കരുത്. (ഡോ. കെ. എസ്. രാധാകൃഷ്ണൻ)
Post Your Comments