കണ്ണൂർ: ബിജെപിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇ ശ്രീധരന് ഇപ്പോഴെങ്കിലും തോന്നിയത് വളരെ നന്നായിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുകയെന്നും കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാന് പോകാന്‍ പാടില്ലായിരുന്നുവെന്നും ജയരാജന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാലക്കാട് തന്നെ തോല്‍പ്പിച്ചതാണ് എന്ന കൊങ്കണ്‍ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയാണെന്നും കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും എംവി ജയരാജന് പറഞ്ഞു.
എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;
മുഖ്യമന്ത്രിക്കസേര ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തപ്പോള്‍ വീണുപോയ മെട്രോമാന് ബിജെപിയോട് വിടപറയാന്‍ തോന്നിയത് വൈകി വന്ന വിവേകമാണ്. ബിജെപിയില്‍ ചേരുകയും പാലക്കാട് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തതോടെ അന്ന് മുഖപുസ്തകത്തില്‍ ഞാന്‍ നടത്തിയ പ്രതികരണം ഇപ്രകാരമായിരുന്നു. ‘വികസനപദ്ധതികളുടെ കാര്യത്തില്‍ ബ്യൂറോക്രാറ്റ് എന്ന നിലയില്‍ കൊങ്കണ്‍ ശ്രീധരന് ജനകീയ അംഗീകാരമുള്ളയാളാണ്. എന്നാല്‍ വര്‍ഗ്ഗീയ രാഷ്ട്രീയം സ്വീകരിച്ചതോടെ അദ്ദേഹത്തെ തിരസ്കരിക്കുക തന്നെ ചെയ്യും.
‘കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല എന്നും ബിജെപി നേതാക്കള്‍ തന്നെ ചതിച്ചുവെന്നും ഉള്ള പുതിയ പ്രതികരണം ഈ നിലപാട് ശരിവെക്കുന്നതാണ്. കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാന് പോകാന്‍ പാടില്ലായിരുന്നു. പാലക്കാട് തന്നെ തോല്‍പ്പിച്ചതാണ് എന്ന കൊങ്കണ്‍ ശ്രീധരന്റെ പ്രതികരണം തികച്ചും ശരിയുമാണ്. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഇപ്പൊഴെങ്കിലും തോന്നിയത് നന്നായി. വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുക.
Post Your Comments