കൊച്ചി: രാത്രി പോസ്റ്റ്മോര്‍ട്ടം ആരംഭിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. സംസ്ഥാനത്തെ അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം രാത്രികാല പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജുകളില്‍ മതിയായ വെളിച്ചവും മെഡിക്കല്‍ ഉദ്യോഗസ്ഥരും ജീവനക്കാരുമടക്കം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജീവനക്കാരുടെ അഭാവം കൊണ്ട് മാത്രം രാത്രികാല പോസ്റ്റ്‌മോര്‍ട്ടം സാധ്യമല്ലാത്ത കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒരുമാസത്തിനകം പൂര്‍ണ സൗകര്യമൊരുക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.
Read Also : ’11 കൊല്ലമായി ആണ്‍- പെണ്‍ വ്യത്യാസമില്ലാതെ ഒരേ യൂണിഫോം ഉപയോഗിക്കുന്നു, പരാതിയില്ല, പരിഭവമില്ല’: എം എം മണി
അഞ്ച് മെഡിക്കല്‍ കോളജുകളില്‍ രാത്രികാല പോസ്റ്റ്‌മോര്‍ട്ടം തുടങ്ങാന്‍ 2015 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ലെന്നും സൗകര്യങ്ങളൊരുക്കാതെ ഇതിന് നിര്‍ബന്ധിക്കരുതെന്നുമടക്കം ആവശ്യപ്പെട്ട് കേരള മെഡിക്കോ ലീഗല്‍ സൊസൈറ്റി നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കാസര്‍കോട് ആശുപത്രിയിലെ ആവശ്യമുന്നയിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയാണ് ഹര്‍ജി നല്‍കിയത്.
വേണ്ടത്ര ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും അടിസ്ഥാന സൗകര്യവുമില്ലെന്നും അതിനാല്‍ മുഴുസമയ പോസ്റ്റ്‌മോര്‍ട്ടം സാധ്യമല്ലെന്നുമായിരുന്നു സര്‍ക്കാറിന്റെ വിശദീകരണം. കോടതി ഈ വാദം തള്ളി. പോസ്റ്റ്‌മോര്‍ട്ടം പകല്‍വെളിച്ചത്തില്‍ നടത്തുന്നതാണ് നേരത്തേ മുതലുള്ള രീതി. എന്നാല്‍, ശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് രാത്രിയും ഇത് അനുവദനീയമാണ്. പല വിദേശരാജ്യങ്ങളിലും ഇന്ത്യയിലെതന്നെ പല പ്രധാന ആശുപത്രികളിലും ഇത് നടക്കുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ രാത്രി പോസ്റ്റ്‌മോര്‍ട്ടം അനുവദിച്ച് കേന്ദ്ര സര്‍ക്കാറും ഉത്തരവിട്ടു. എന്നിട്ടും 2015ല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുനടപടിയും സ്വീകരിക്കാത്തതില്‍ കോടതി അദ്ഭുതം പ്രകടിപ്പിച്ചു. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും ഉടന്‍ നടത്തി മൃതദേഹം വിട്ടുകൊടുക്കാനുള്ള സമയപരിധി നിശ്ചയിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.
അസ്വാഭാവിക മരണം പൊലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പോസ്റ്റ്‌മോര്‍ട്ടവും നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ട ചുമതല സര്‍ക്കാറിനായിരിക്കും. ഇതിനുള്ള മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കണം. ഇന്‍ക്വസ്റ്റും പോസ്റ്റ്‌മോര്‍ട്ടവും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന കാര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചശേഷം സമയക്രമം നിശ്ചയിച്ച് ആറുമാസത്തിനകം ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി ഉത്തരവിട്ടു.
Post Your Comments