കൊച്ചി: മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയിൽനിന്ന് അകറ്റാനാകില്ലെന്ന് കേരള ഹൈക്കോടതി. ഒരുവയസ്സും നാലുമാസവും പ്രായമുള്ള കുഞ്ഞിനെ പിതാവിന് കൈമാറാൻ ഉത്തരവിട്ട ഇടുക്കി ശിശുക്ഷേമസമിതിയുടെ ഉത്തരവ് റദ്ദാക്കിയുള്ള വിധിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മുലയൂട്ടുകയെന്നത് അമ്മയുടെയും മുലയുണ്ണുകയെന്നത് കുഞ്ഞിന്റെയും മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. അതുകൊണ്ട് തന്നെ അത് നിഷേധിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് വി.ജി. അരുണിന്റേതാണ് സുപ്രധാന വിധി.
യുവതി കഴിഞ്ഞവർഷമാണ് കുട്ടിക്ക് ജന്മം നൽകിയത്. ഇതിനുശേഷം ഇവർ ഭർത്താവിൽനിന്ന് അകന്ന് സ്വന്തം വീട്ടിലേക്കുപോയി. പിന്നീട് ഇവർ ഭർത്താവിന്റെ അമ്മയുടെ രണ്ടാം ഭർത്താവിനോടൊപ്പം താമസം തുടങ്ങി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ പരാതിയിലാണ് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമ സമിതി ഉത്തരവിട്ടത്. ഇതിനെതിരേയാണ് യുവതി ഹൈക്കോടതിയിൽ എത്തിയത്. യുവതിയുടെ ഹർജി പരിഗണിച്ച കോടതി, കുട്ടിയുടെ അമ്മ ആരുടെയൊപ്പം താമസിക്കുന്നു എന്നതുപോലുള്ള വിഷയങ്ങൾ കണക്കിലെടുത്ത് ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്നും വിമർശിച്ചു.
ഭർത്താവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിനാലാണ് അകന്നതെന്നും ഒന്നിച്ച് ജീവിക്കാനാകില്ലെന്നും കുട്ടിയെ വിട്ടുനൽകണമെന്നുമായിരുന്നു ആവശ്യം. താൻ ആരുടെകൂടെ താമസിക്കുന്നു എന്നത് കണക്കിലെടുത്ത് കുട്ടിയെ പിതാവിനോടൊപ്പം വിടാൻ ശിശുക്ഷേമസമിതി ഉത്തരവിട്ടത് തെറ്റാണെന്നും വാദിച്ചു. ഈ വാദം അംഗീകരിച്ച കോടതി ശിശുക്ഷേമസമിതിയുടെ ഉത്തരവിൽ പ്രതിഫലിക്കുന്നത് ധാർമിക പക്ഷപാതമാണെന്ന് അഭിപ്രായപ്പെട്ടു.
മുലകുടിക്കുന്ന കുട്ടിയാണെന്നത് സമിതി കണക്കിലെടുത്തില്ല. അമ്മയുടെ സംരക്ഷണത്തിൽനിന്ന് കുട്ടിയെ ഒരുമാസമായി അകറ്റി എന്നത് സങ്കടപ്പെടുത്തുന്നു. സ്വഭാവികനീതിയുടെ നിഷേധമാണ് ഉണ്ടായത്. കുട്ടിയെ ഉടൻ കൈമാറാൻ ഉത്തരവിട്ട കോടതി ഇക്കാര്യം കുമളി സ്റ്റേഷൻ ഹൗസ് ഓഫീസർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
Post Your Comments