തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് വിദഗ്ധൻ മോൻസൻ മാവുങ്കലിന്റെ ആളുകൾ സംസ്ഥാനത്തെ മുഖ്യമന്ത്രിയ്ക്ക് വേണ്ടപ്പെട്ടവരെന്ന് കെ സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ സര്‍ക്കാറിന് വേണ്ടിയാണ് മോൻസൻ പ്രവർത്തിച്ചതെന്നും, ഒരു വിഭാഗത്തിന്റെ വിശ്വാസം തകര്‍ക്കാന്‍ ഉണ്ടാക്കിയ വ്യാജനിര്‍മ്മിതിയാണ് ചെമ്പോല തിട്ടൂരമെന്നും സുരേന്ദ്രന് പറഞ്ഞു.
‘സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നതിനാല്‍ ചെമ്പോല തിട്ടൂരത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കാനും ജാതികലഹമുണ്ടാക്കാനും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിച്ചത് ചെറിയ കാര്യമല്ല. ഇതിന്റെ പിന്നില്‍ വലിയ ഗൂഡാലോചനയാണ് നടന്നത്. ക്രമിനല്‍ കുറ്റമാണ് നടന്നിരിക്കുന്നത്. ഇത് എന്തിന് വേണ്ടിയാണ് ചെയ്തതെന്ന് സി.പി.എം വ്യക്തമാക്കണം. സിപിഎമ്മിന്റെ മുഖപത്രത്തില്‍ ഈ ചെമ്പോല രേഖ ഉപയോഗിച്ച് പ്രചരണം നടന്നിരുന്നു’ കെ സുരേന്ദ്രൻ പറയുന്നു.
‘ശബരിമല വിശ്വാസികളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ ബി.ജെ.പി വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും. പുരാവസ്തു തട്ടിപ്പിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കാത്തത് മോന്‍സന്റെ ആളുകള്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ടവരായതു കൊണ്ടാണ്. അധികാരസ്ഥാനങ്ങളിലെ ഉന്നതബന്ധം ഉപയോഗിച്ചാണ് മോന്സന് സര്വതട്ടിപ്പുകളും നടത്തിയത്. കെ.സുധാകരന് സുഖചികിത്സയ്ക്ക് വേണ്ടി മാത്രമാണോ മോന്‍സന്റെ അടുത്ത് പോയതെന്ന് ജനങ്ങള്‍ക്ക് അറിയണം’, സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments