KeralaLatest NewsIndia

മോൻസൺ മാവുങ്കലുമായി ബന്ധമുള്ള അനിത ലോകകേരളസഭയിൽ എത്തിയതിന് പിന്നിലുള്ളവരെക്കുറിച്ച് സൂചന

തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്‍റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്ന് വിവരം കിട്ടി. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി സഹകരിക്കുന്ന പ്രവീൺ എന്നയാളിനൊപ്പമാണ് അനിത പുല്ലയിൽ എത്തിയത്.

സഭാ ടിവിക്ക് ഒടിടി പ്ലാറ്റ്‍ഫോം സൗകര്യം ഒരുക്കുന്ന ഏജൻസിയാണ് ബിറ്റ് റേറ്റ് സൊല്യൂഷൻസ്. ഇവർക്ക് ബില്ലുകൾ കൈമാറാൻ സഹായിക്കുന്നയാളാണ് സീരിയൽ നിർമാതാവ് കൂടിയായ പ്രവീൺ. ഇയാൾക്ക് നിയമസഭാ പാസ്സും ലോകകേരളസഭ പാസ്സുമുണ്ടായിരുന്നു. ലോകകേരളസഭയുടെ ഉദ്ഘാടനച്ചടങ്ങ് മുതൽ പ്രവീണിനൊപ്പം അനിതയുണ്ടായിരുന്നു. ഈ വിവരം കിട്ടിയതോടെ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സ്പീക്കർ ചീഫ് മാർഷലിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രവീണിനൊപ്പം തന്നെയാണ് അനിത സഭയിലെത്തിയതെന്ന് ചീഫ് മാർഷലും സ്ഥിരീകരിച്ചിട്ടുണ്ട്. പാസ്സില്ലാതെ അനിത സഭാ സമുച്ചയത്തിൽ കടന്നത് പ്രവീണിന്‍റെ ശുപാർശയിൻമേലാണ് എന്നാണ് വ്യക്തമാകുന്നത്. അതേസമയം,
അനിത പുല്ലയിൽ നിയമസഭ സമുച്ചയത്തിൽ കയറിയതിൽ പങ്കില്ലെന്ന തരത്തിൽ നോർക്ക നേരത്തേ തന്നെ കൈ കഴുകിയിരുന്നു.

ഓപ്പൺ ഫോറത്തിന്‍റെ പാസ് ഉപയോഗിച്ചാകാം അനിത അകത്ത് കയറിയതെന്നാണ് നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഡെലിഗേറ്റുകളുടെ പട്ടിക നോർക്ക പുറത്തുവിടാത്തതിൽ ദുരൂഹത തുടരുകയാണ്. വിശദമായി നിയമസഭയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ തീരുമാനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button