
കൊച്ചി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തീർത്തും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൗരത്വ നിയമ ഭേദഗതിയെ കോൺഗ്രസ് ശക്തമായി എതിര്‍ത്തിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി നടത്തിയ പരാമർശം തെറ്റാണെന്നും, അദ്ദേഹം പറഞ്ഞത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും സതീശൻ ആരോപിച്ചു.
‘വിഷയത്തിൽ നിയമ പ്രശ്നം ഉന്നയിച്ചും ചര്‍ച്ച നയിച്ചതും ശശി തരൂരാണ്. അന്ന് തരൂരിന്റെ മൈക്ക് സ്പീക്കര്‍ ഓഫ് ചെയ്തു. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്യരാണെന്ന വാദത്തിലൂന്നി പ്രസംഗിച്ചത് കപിൽ സിബലാണ്. കോൺഗ്രസ് അല്ലാതെ പിന്നെയാരാണ് പ്രസംഗിച്ചത്? ആരാണ് എതിര്‍ത്തത്? രാഹുൽ ഗാന്ധി ഇതിനെ സംബന്ധിച്ച് പറഞ്ഞതെല്ലാം ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിജെപി എംപി വലിയ മണ്ടൻ എന്ന് വിളിച്ച് രാഹുൽ ഗാന്ധിയെ പരിഹസിച്ചത് സിഎഎ വിരുദ്ധ നിലപാടെടുത്തതിനാണ്. 12 സംസ്ഥാനങ്ങളിൽ 16 കേസുകളാണ് രാഹുൽ ഗാന്ധിക്കെതിരെ ഇതിന്റെ ഭാഗമായി ബിജെപി ഫയൽ ചെയ്തത്.
സിഎഎ പ്രതിഷേധങ്ങളിൽ 835 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഇതിൽ 69 കേസുകൾ മാത്രമാണ് പിൻവലിച്ചത്. രാഹുൽ ഗാന്ധിയെ പിണറായി വിജയൻ വിമർശിക്കുന്നത് ബിജെപിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി ഇതുവരെയും ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല. ആശുപത്രികളിൽ മരുന്നില്ല, ക്ഷേമ പെൻഷനില്ല, സപ്ലൈകോയിൽ സാധനങ്ങളില്ല, ഇതിലൊന്നും മുഖ്യമന്ത്രിക്ക് ഒന്നും പറയാനുമില്ല. സംഘപരിവാറുമായി സന്ധി ചെയ്ത് കേസുകളിൽ നിന്ന് തലയൂരാൻ വേണ്ടിയാണ് പിണറായി വിജയൻ കോൺഗ്രസിനെതിരെ ഓരോന്ന് പറയുന്നത്.
പ്രാണ പ്രതിഷ്ഠ ഏൽക്കാത്തതു കൊണ്ടാണ് വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് ഇപ്പോൾ സിഎഎ ചട്ടം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയത്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ഒപ്പം ഒന്നിച്ചുള്ള പ്രക്ഷോഭത്തിന് കോൺഗ്രസില്ല. സിഎഎക്ക് എതിരെ പ്രമേയം പാസാക്കാൻ ഒപ്പം നിന്നിരുന്നു. അന്ന് എതിര്‍ത്ത ഗവര്‍ണറെ മാറ്റണമെന്ന പ്രമേയം അംഗീകരിക്കാത്ത സര്‍ക്കാരാണ് ഇത്. കേന്ദ്ര നിയമം നിയമപരമായി നടപ്പാക്കാനാവില്ലെന്ന് പറയാനാവില്ല. ഇത് അസാധ്യമാണ്’, അദ്ദേഹം പറഞ്ഞു.
Post Your Comments