
കോഴിക്കോട്: ഉമ്മയെ വെട്ടിക്കൊന്ന ആഷിക്കും ഭാര്യയെ വെട്ടിക്കൊന്ന യാസിറും സുഹൃത്തുക്കളും സഹപ്രവർത്തകരും. താമരശ്ശേരി ചുരത്തിലെ തട്ടുകടയിലായിരുന്നു ആഷിക്കും യാസിറും ജോലി ചെയ്തിരുന്നത്. ഇരുവരും ലഹരിക്ക് അടിമകളെന്നും നാട്ടുകാർ വ്യക്തമാക്കുന്നു. ഇവർ ജോലി ചെയ്തിരുന്ന തട്ടുകട മറയാക്കിയായിരുന്നു ലഹരി കച്ചവടം എന്നാണ് ആരോപണം. ജനകീയ കർമ്മ സമിതിയുടെ പരാതിയെ തുടർന്ന് പൂട്ടിയ കട വീണ്ടും തുറന്നു പ്രവർത്തനം ആരംഭിച്ചിരുന്നു.
താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെയാണ് മകൻ ആഷിക്ക് വെട്ടിക്കൊലപ്പെടുത്തിയത്. പണം നൽകാത്തത്തിനുള്ള പ്രകോപനമാണ് ഉമ്മയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പൊലീസ് പറഞ്ഞത്. തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖ് നാട്ടുകാരോട് പറഞ്ഞത്. രണ്ട് ദിവസം ആഷിഖ് വീട്ടിൽ എത്താതിരുന്നതോടെ എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു ആഷിഖിൻറെ മറുപടി.
പിന്നീടുണ്ടായ തർക്കത്തിനൊടുവിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ബ്രെയിൻ ട്യൂമർ ബാധിച്ചതോടെ അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. അവിടെയും ആഷിഖ് പ്രശ്നങ്ങൾ ഉണ്ടാക്കി. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി.
മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്. അതേസമയം, ലഹരി ഉപയോഗിച്ച ശേഷമുള്ള മർദ്ദനം താങ്ങാനാകാതെ വീടുവിട്ടിറങ്ങിയതാണ് കോഴിക്കോട് ഈങ്ങാപ്പുഴയിൽ ഷിബിലയെ ഭർത്താവ് യാസിർ കൊലപ്പെടുത്താൻ കാരണം. പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു യാസറും ഷിബിലയും. യാസിറിന്റെ ലഹരിയുപയോഗവും, ശാരീരിക പീഡനവും കാരണം സഹികെട്ടാണ് ഷിബില യാസിറിന് ഒപ്പം താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് മകൾക്കൊപ്പം കക്കാട്ടെ സ്വന്തം വീട്ടിലേക്ക് മാറിയത്. ഇതിനിടെ മകളുടെ പിറന്നാളിന് ക്ഷണിച്ചില്ലെന്ന് പറഞ്ഞ്, യാസർ ഷിബിലയുടെ വസ്ത്രങ്ങൾ മുഴുവൻ കത്തിച്ചു. ഇതോടെ ഷിബിലെ പൊലീസിൽ പരാതി നൽകി. നാട്ടുകാരിൽ ചിലർ അനുനയത്തിന് ശ്രമിച്ചിരുന്നു.
അതിനിടയിലാണ് സ്കൂൾ സർട്ടിഫിക്കറ്റുകൾ യാസർ കക്കാട്ടെ വീട്ടിലെത്തി തിരികെ നൽകിയത്. വൈകീട്ട് നോമ്പുതുറ നേരത്ത് വീണ്ടും വരാമെന്നും സലാം ചൊല്ലി പിരിയാമെന്നും പറഞ്ഞു. അത് പക്ഷേ ഷിബിലയുടെ ജീവനെടുക്കാനായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. നിലവിളി കേട്ട് അയൽവാസികൾ എത്തുമ്പോഴേക്കും ഷിബില കുത്തേറ്റ് വീണിരുന്നു. അച്ഛൻ അബ്ദു റഹ്മാനും അമ്മ ഹസീനയ്ക്കും വെട്ടേറ്റു. അയൽവാസികൾക്ക് നേരെയും കത്തിവീശി. കൊലപാതകം നടന്ന നേരത്ത് യാസിർ ലഹരി ഉപയോഗിച്ചിരുന്നില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. സ്വബോധത്തോടെ കരുതിക്കൂട്ടിയാണ് യാസിർ കൊലചെയ്യാനെത്തിയെന്നാണ് പൊലീസ് നിഗമനം.
Post Your Comments