
ലക്നൗ: മഹാകുംഭമേളയോട് അനുബന്ധിച്ച് ഇതുവരെ പ്രയാഗ് രാജിലെത്തിയ ഭക്തരുടെ കണക്കുകൾ പുറത്തുവിട്ട് ഉത്തർപ്രദേശ് സർക്കാർ. 55 കോടി തീർത്ഥാടകർ കുംഭമേളയിൽ പങ്കെടുത്ത് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തതായി സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ഭക്തർ പുണ്യസ്നാനം ചെയ്യുന്നതിന്റെ ഡ്രോൺ ദൃശ്യങ്ങളും സർക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ പൈതൃക സംസ്കാരത്തിന്റെ പ്രതീകമായ മഹാകുംഭമേള ഫെബ്രുവരി 26-നാണ് സമാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ ആത്മീയ യാത്രയിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ തുടങ്ങിയ ഒട്ടനവധി പേർ പങ്കെടുത്തു.
ഇന്നലെ മാത്രം ഒരു കോടി 15 ലക്ഷം തീർത്ഥാടകരാണ് ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം ചെയ്തത്. അതേസമയം, ഉന്നാവോയിൽ ജയിലിൽ കഴിയുന്ന തടവുകാർക്കും പുണ്യസ്നാനം ചെയ്യാനുള്ള അവസരം സർക്കാർ ഒരുക്കി. ത്രിവേണീ നദിയിൽ നിന്നും ജയിലിലെത്തിച്ച പുണ്യജലത്തിൽ തടവുകാർ സ്നാനം ചെയ്തു.
നദിയിൽ നിന്നും ശേഖരിച്ച വെള്ളം വാട്ടർ ടാങ്കിൽ കലർത്തിയാണ് സ്നാനം ചെയ്യാനുള്ള സൗകര്യമുണ്ടാക്കിയത്. ജയിലിൽ പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിരുന്നു.
Post Your Comments