പ്രയാഗ്രാജ്: മഹാകുംഭമേള സ്ഥലത്ത് വീണ്ടും അഗ്നിബാധ. പ്രയാഗ്രാജിലെ ശങ്കരാചാര്യ മാർഗിലെ സെക്ടർ 18ലാണ് വെള്ളിയാഴ്ച രാവിലെ അഗ്നിബാധയുണ്ടായത്. രക്ഷാപ്രവർത്തനം മേഖലയിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ആളപായമില്ലെന്നാണ് പിടിഐയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഓൾഡ് ജിടി റോഡിലെ തുൾസി ചൌരയിലെ ക്യാംപിലാണ് അഗ്നിബാധയുണ്ടായതെന്നാണ് ഖാക് ചൌക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ യോഗേഷ് ചതുർവേദി പ്രതികരിക്കുന്നത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വിശദമാക്കി. തീ പൂർണമായി നിയന്ത്രിച്ച ശേഷം നാശനഷ്ടം വിലയിരുത്താമെന്നാണ് അധികൃതർ വിശദമാക്കുന്നത്.
കുംഭമേള നടക്കുന്ന സ്ഥലത്തെ രണ്ടാമത്തെ അഗ്നിബാധയാണ് ഇത്. കഴിഞ്ഞമാസമുണ്ടായ അഗ്നിബാധയിൽ 15 ടെന്റുകൾ കത്തിനശിച്ചിരുന്നു. ജനുവരി 29ന് മഹാകുംഭമേള സ്ഥലത്തുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിച്ചിരുന്നു.
ജനുവരി 13നാണ് മഹാകുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26നാണ് മഹാകുംഭമേള അവസാനമാകുന്നത്. ഇതിനിടയിൽ രണ്ട് പ്രധാന ദിവസങ്ങൾ കൂടിയാണുള്ളത്. ഫെബ്രുവരി 12 ന് മാംഗി പൂർണിമയും ഫെബ്രുവരി 26ന് മഹാശിവരാത്രിയുമാണ് ഇനിയുള്ള സുപ്രധാന ദിവസങ്ങൾ.
മഹാകുംഭമേളയിലെ തീര്‍ത്ഥാടക പങ്കാളിത്തത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് ഇന്നലെ പുറത്തുവിട്ടിരുന്നു .ഇതുവരെ 38.97 കോടി പേർ സ്നാനം നടത്തി. ഇന്നലെ മാത്രം 67.68 ലക്ഷം പേർ സ്നാനം നടത്തിയെന്നും യുപി സർക്കാർ വ്യക്തമാക്കിയത്.
Post Your Comments