![](/wp-content/uploads/2025/02/chendhamangalam.webp)
കൊച്ചി: ചേന്ദമംഗലം കൂട്ടക്കൊലക്കേസിലെ ഏക പ്രതി റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പൊലീസ്. ആക്രമണം നടക്കുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും പൊലീസിന്റെ കുറ്റപത്രത്തിലുണ്ട്. കഴിഞ്ഞ മാസം പതിനഞ്ചിനായിരുന്നു റിതു എന്ന യുവാവ് അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്.
Read Also: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം : വിദേശികള്‍ സഞ്ചരിച്ച കാര്‍ ചവിട്ടി മറിച്ചിട്ടു
ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. കേസില്‍ നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്.
ചേന്ദമംഗലം കൂട്ടക്കൊലയില്‍ ജിതിന്‍ കൊല്ലപ്പെടാത്തതില്‍ നിരാശയെന്നും, സംഭവത്തില്‍ പശ്ചാത്താപമില്ലെന്നും പ്രതി റിതു പൊലീസിനോട് പറഞ്ഞിരുന്നു. ഇയാള്‍ കൊടും ക്രിമിനലെന്നും പോലീസ് വ്യക്തമാക്കുന്നു. നേരത്തെയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട പ്രതി 2021 മുതല്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ക്രൂരകൃത്യത്തിനു ശേഷം ഒളിവില്‍പോയ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്‍.
കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് ചേന്ദമംഗലത്ത് വീട്ടില്‍ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയല്‍വീട്ടുകാര്‍ കഴിഞ്ഞ നവംബറില്‍ റിതുവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായില്ല. പോലീസ് വിളിച്ചുവരുത്തിയ റിതുവിന് മാനസിക ചികിത്സ നല്‍കാമെന്ന അച്ഛന്റെ ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
Post Your Comments