![](/wp-content/uploads/2025/02/david.webp)
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ കൈമാറണമെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. നേരത്തെ ഈ ആവശ്യം യു.എസ് തള്ളിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ കൈമാറാന്‍ ഉള്ള എട്ട് പേരുടെ പട്ടിക യുഎസിന് കൈമാറി. ഗുണ്ടാനേതാക്കളായ അന്‍മോള്‍ ബിഷ്ണോയി, ഗോള്‍ഡി ബ്രാര്‍ എന്നിവരും പട്ടികയിലുണ്ട്.
എന്‍സിപി നേതാവും മഹാരാഷ്ട്ര മുന്‍ മന്ത്രിയുമായ ബാബ സിദ്ദിഖിന്റെ കൊലപാതക ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരനാണ് അന്‍മോള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസ വാല കൊലക്കേസിലെ മുഖ്യപ്രതിയാണ് ഗോള്‍ഡി ബ്രാര്‍. പാക്ക് വംശജനായ യുഎസ് പൗരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലി 2008 നവംബര്‍ 26നു മുംബൈയില്‍ 166 പേരുടെ മരണത്തില്‍ കലാശിച്ച കൂട്ടക്കൊലയില്‍ നിര്‍ണായക പങ്കാളിയാണ്. 2013ല്‍ യുഎസ് ഫെഡറല്‍ കോടതി 35 വര്‍ഷം തടവു ശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി യുഎസില്‍നിന്നു വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെ എഫ്ബിഐ 2009 ല്‍ ഷിക്കാഗോ രാജ്യാന്തര വിമാനത്താവളത്തിലാണു ഹെഡ്ലിയെ അറസ്റ്റു ചെയ്തത്. മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറാന്‍ നേരത്തെ അമേരിക്ക തയാറായിരുന്നു. തഹാവുര്‍ റാണ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി യുഎസ് സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇന്ത്യക്ക് കൈമാറാന്‍ അനുമതി നല്‍കിയത്.
ഇരു രാജ്യങ്ങളും തമ്മില്‍ കുറ്റവാളി കൈമാറ്റ ഉടമ്പടി കരാര്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഉടമ്പടി പ്രകാരമാണ് തഹാവൂര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് റാണ കോടതിയെ സമീപിച്ചിരുന്നു.എന്നാല്‍ കഴിഞ്ഞ ഡിസംബര്‍ 16ന് അമേരിക്കന്‍ സോളിസിറ്റര്‍ ജനറല്‍ റാണയുടെ ഹര്‍ജി പരിഗണിക്കരുതെന്നും തള്ളണമെന്നും അഭിപ്രായപ്പെട്ടിരുന്നു. ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹല്‍ പാലസ്, ഛത്രപതി ശിവാജി ടെര്‍മിനല്‍, നരിമാന്‍ പോയിന്റിലെ ഒബ്‌റോയി ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്.
Post Your Comments