
വാഷിംങ്ടൺ: ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ബിസിനസ്സിന് സൗഹൃദ രാജ്യമല്ല ഇന്ത്യയെന്നും ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ഒരുമിച്ച് മുന്നേറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. വൈറ്റ് ഹൗസിൽ വെച്ചായിരുന്നു മോദി-ട്രംപ് കൂടിക്കാഴ്ച്ച. സംയുക്ത വാർത്താ സമ്മേളനത്തിൽ പരസ്പരം വാനോളം പുകഴ്ത്തിയാണ് നേതാക്കൾ സംസാരിച്ചത്.
വ്യാപാര നയതന്ത്ര മേഖലകളിൽ സുപ്രധാന പ്രഖ്യാപനങ്ങളാണ് കൂടിക്കാഴ്ച്ചയിലുണ്ടായത്. മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയിൽനിന്ന് കൂടുതൽ ഇന്ധനം വാങ്ങാനും കരാറായി. അതേസമയം, ഇന്ത്യയുമായുള്ള ചർച്ചയിലും നികുതി തീരുമാനങ്ങളിൽ ട്രംപ് ഇളവിന് തയാറായില്ല. അമേരിക്കയ്ക്ക് തീരുവ ചുമത്തുന്ന എല്ലാ രാജ്യങ്ങൾക്കും അതെ നികുതി തിരികെ ചുമത്തുമെന്നാണ് ട്രംപിൻ്റെ പ്രഖ്യാപനം. വ്യാപാര കാര്യത്തിൽ ശത്രു രാജ്യങ്ങളെക്കാൾ മോശമാണ് സഖ്യ രാജ്യങ്ങളെന്നും പറഞ്ഞ ട്രംപ് ഇന്ത്യ ഇറക്കുമതി തീരുവ കുറയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രസിഡന്റ് ട്രംപുമായി യോജിച്ചു പ്രവർത്തിച്ച് ഇന്ത്യ -അമേരിക്ക ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി പറഞ്ഞു. ഇന്ത്യ അമേരിക്കയിൽ നിന്ന് എണ്ണ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വാതകം എന്നിവ വളരെ കൂടുതൽ വാങ്ങാൻ പോകുകയാണെന്ന് പ്രസിഡന്റ് ട്രംപ് പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിൽ മികച്ച വ്യാപാര ബന്ധവും കരാറുകളും പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ രണ്ടാമൂഴത്തിൽ ഇരട്ടി വേഗതയിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാര ബന്ധത്തിൽ ഇന്ത്യയോട് കടുപ്പിച്ചാൽ ഒരുമിച്ച് എങ്ങിനെ ചൈനയെ നേരിടുമെന്ന് ട്രംപ് ചോദിച്ചു. ഇന്ത്യയും അമേരിക്കയും ഒരുമിച്ചാൽ ഒന്നും ഒന്നും രണ്ടല്ല, പതിനൊന്നാണെന്നയിരുന്നു മോദിയുടെ മറുപടി.
രാജ്യ താല്പര്യങ്ങൾ പരമോന്നതമാക്കി പ്രവർത്തിക്കുന്ന പ്രസിഡന്റ് ട്രംപിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. റഷ്യ -ഉക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്റ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു. പുട്ടിനുമായി ട്രംപിന്റെ ഫോൺ സംഭാഷണം നിർണായകമാകുമെന്ന് മോദി പറഞ്ഞു. ഈ വർഷം മുതൽ ഇന്ത്യക്ക് കൂടുതൽ ആയുധങ്ങൾ, F 35 യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ നൽകുമെന്ന് ട്രംപും വ്യക്തമാക്കി.
പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വൈറ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. രണ്ടാം തവണയും അമേരിക്കയിൽ അധികാരമേറ്റെടുത്ത ശേഷം ട്രംപുമായി ഔദ്യോഗിക ചർച്ചയ്ക്കെത്തുന്ന ആദ്യ രാഷ്ട്രനേതാക്കളിലൊരാളിയ മാറിയിരിക്കുകയാണ് നരേന്ദ്ര മോദി. നേരത്തെ പ്രധാനമന്ത്രി ശതകോടീശ്വരനും ടെസ്ല -സ്പേസ് എക്സ് മേധാവിയുമായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അമേരിക്കയിൽ നിന്ന് സൈനിക വിമാനങ്ങൾ വാങ്ങുന്നതുൾപ്പടെയുള്ള വിഷയങ്ങൾ ട്രംപുമായുള്ള ചർച്ചയിൽ വിഷയമാകുമെന്നാണ് റിപ്പോർട്ടുകൾ. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്ന വിഷയത്തിലും ഇരു രാജ്യങ്ങളും ചർച്ചയിൽ നിലപാട് വ്യക്തമാക്കും. ഈ വർഷം നടക്കുന്ന ക്വാഡ് ഉച്ചകോടിക്കായി ഡൊണാൾഡ് ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കും. വൈറ്റ് ഹൗസിന് സമീപത്തുളഅള ബ്ലെയര്‍ ഹൗസിൽ വെച്ച് ഇലോണ്‍ മസ്കുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ സ്റ്റാർലിങ്ക്, ഇന്ത്യയുമായുള്ള സാങ്കേതിക സഹകരണം, ഇലക്ട്രിക്ക് വാഹന വ്യവസായം, എഐ നിക്ഷേപ സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു.
Post Your Comments