Latest NewsIndia

വോട്ടെടുപ്പ് ചൂടിൽ രാജ്യ തലസ്ഥാനം : രാവിലെ മുതൽ കനത്ത പോളിങ് : ഉറ്റുനോക്കി നേതാക്കൾ 

രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് തുടങ്ങിയിരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു.11 മണിവരെയുള്ള കണക്കനുസരിച്ച് 19.95 ശതമാനമാണ് പോളിങ്. കനത്ത പോളിങ് ആണ് രാവിലെ മുതൽ കാണാൻ കഴിഞ്ഞത്. ഡല്‍ഹി മുഖ്യമന്ത്രി അതിഷി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവര്‍ വോട്ട് ചെയ്തു.

അരവിന്ദ് കെജരിവാള്‍ മത്സരിക്കുന്ന ന്യൂഡല്‍ഹി മണ്ഡലത്തില്‍ 7.41% വോട്ടുകള്‍ രേഖപ്പെടുത്തി. മുഖ്യമന്ത്രി അതിഷി മത്സരിക്കുന്ന കല്‍കാജി മണ്ഡലത്തില്‍ 6.19% വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ ഏഴ് മണിക്ക് തന്നെ പോളിങ് തുടങ്ങിയിരുന്നു. വൈകീട്ട് ആറ് മണി വരെ വോട്ട് ചെയ്യാം.

1.56 കോടി വോട്ടര്‍മാര്‍ക്കായി 13,033 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചത്. ആകെയുള്ള എഴുപത് മണ്ഡലങ്ങളിലേക്ക് 699 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക. 220 കമ്പനി അര്‍ധസൈനിക സേനയെയും 35,626 ഡല്‍ഹി പോലീസ് ഓഫീസര്‍മാരെയും 19,000 ഹോം ഗാര്‍ഡുകളെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചിട്ടുണ്ട്.

നേരത്തേ പെരുമാറ്റച്ചട്ട ലംഘനത്തിന് മുഖ്യമന്ത്രി അതിഷിയുടെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

മൂന്നാം തവണയും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. ഡല്‍ഹി പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എ എ പിയും ഒരുമിച്ചായിരുന്നു. എ എ പിയും കോണ്‍ഗ്രസ്സും എഴുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്.

ബി ജെ പി 68 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ശേഷിക്കുന്ന രണ്ട് സീറ്റ് സഖ്യകക്ഷികളായ ജെ ഡി യു, ലോക് ജനശക്തി പാര്‍ട്ടി (രാംവിലാസ്) എന്നിവര്‍ക്ക് വിട്ടുകൊടുത്തു. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button