ഗൊരഖ്പുര്‍: വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്തെ വീട്ടിലാണ് പാകിസ്ഥാന്‍ പതാക നാട്ടിയത്. സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കി. നവംബര്‍ 10നായിരുന്നു സംഭവം. കൊടിയുയര്‍ത്തിയ വീടിന് മുന്നിലെത്തിയ ചിലര്‍ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. സംഭവം അറിഞ്ഞുടന്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ച ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിച്ചു.
തുടർന്ന് നാല് പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. നാട്ടിയത് ഇസ്ലാമിക മതപരമായ കൊടിയാണെന്നും പാകിസ്ഥാന്‍ പതാകയല്ലെന്നും വീട്ടുകാര്‍ അറിയിച്ചു. പ്രദേശത്തെ ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചതിന് ശക്തമായ നടപടിയെടുക്കുമെന്ന് ഗൊരഖ്പുര്‍ എസ്പി മമനോജ് അവാസ്തി പറഞ്ഞു. സംഭവം അന്വേഷിക്കാന്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.
Post Your Comments