
പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തില മൂന്നുപേരുടെ ജീവനെടുത്തതിന് പിന്നിൽ അയൽവാസിയുടെ അന്ധവിശ്വാമെന്ന് റിപ്പോർട്ട്. അഞ്ചു വർഷം മുമ്പ് സജിതയെ കൊലപ്പെടുത്തിയതിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിലാണ് പ്രതി ചെന്താമര കൊലപാതകത്തിന് പിന്നിൽ അന്ധവിശ്വാസമെന്ന സൂചന നൽകിയത്. തന്റെ കുടുംബ പ്രശ്നങ്ങൾക്ക് കാരണം മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോത്സ്യൻ പറഞ്ഞിരുന്നു എന്നായിരുന്നു അന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴി.
ഭാര്യയും മക്കളും തന്നിൽ നിന്നും അകന്നത് സജിതയും കുടുംബവും നടത്തിയ ദുർമന്ത്രവാദത്തെ തുടർന്നാണെന്നും അന്ന് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. ഈ പകയുടെ ബാക്കിയായാണ് ചെന്താമര ഇന്നലെ സജിതയുടെ ഭർത്താവിനെയും അമ്മയേയും കൊലപ്പെടുത്തിയത്.
തന്റെ കുടുംബപ്രശ്‌നങ്ങൾക്ക് കാരണം മുടി നീട്ടി വളർത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞതോടെ മുടി നീട്ടി വളർത്തിയ സജിതയുടെ ജീവൻ ചെന്താമര എടുക്കുകയായിരുന്നു.
വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ അന്ന് വെട്ടിയത്. ‘നീണ്ട മുടിയുള്ള സ്ത്രീ യാണ്’ ഭാര്യ പോകാൻ കാരണമെന്ന് ഏതോ ജോത്സ്യൻ പറഞ്ഞതായും 5 വർഷം മുൻപ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഉറച്ചുവിശ്വസിച്ച ഇയാൾ സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്.
അയൽപ്പക്കത്തെ വേറേ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിച്ചിരുന്നു. ഇവരെയും ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാറുണ്ടായിരുന്നില്ലെന്ന് അയൽവാസി പുഷ്പ പറയുന്നു. പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയിൽ താൻ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലാണെന്നും പോത്തുണ്ടി സ്വദേശി പുഷ്പ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, നെന്മാറ ഇരട്ടക്കൊല കേസ് പ്രതി ചെന്താമരയെ കണ്ടെത്താനാകാതെ പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തിയിട്ടും പ്രതി എവിടെയെന്നത് സംബന്ധിച്ച് പൊലീസിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ഇതോടെ പ്രതിയെ കണ്ടെത്താനായി നാട്ടുകാരുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
ഇന്നലെ രാവിലെയാണ് നെന്മാറ പോത്തുണ്ടി തിരുത്തൻപാടം സ്വദേശി ചെന്താമര അയൽവാസികളായ സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ ക്രൂരമായി കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പ് സുധാകരൻറെ ഭാര്യ സജിതയെ (35) വെട്ടിക്കൊന്നയാളാണ് ചെന്താമര. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും ഇയാൾ കൊല നടത്തിയത്.
Post Your Comments